scorecardresearch
Latest News

‘ആലായാല്‍ തറ വേണോ?’; പാട്ടിന്റെ പുകില്

തലമുറകൾ തമ്മിലുള്ള കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്ക് ഇടം നൽകി കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്ന ‘ആലായാൽ തറ വേണോ’ എന്ന പാട്ടിനെ ചുറ്റിപ്പറ്റിയുള്ള വർത്തമാനങ്ങൾ

Shruthi Sharanyam, Sooraj Santhosh, Aalayal Thara veno, kavalam narayana panikkar, iemalayalam

രണ്ടു ദിവസമായി കേരളത്തിന്റെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ‘ആലായാല്‍ തറ വേണോ, അടുത്തൊരമ്പലം വേണോ, ആലിന്നു ചേർന്നൊരു കുളവും വേണോ’ എന്ന ഗാനമാണ്. ആലായാൽ തറവേണം എന്ന കാവാലം നാരായണ പണിക്കര്‍ പ്രശസ്തമാക്കിയ ഗാനത്തിന്റെ പുനരാവിഷ്കരണമാണ് ഇത്. ഗായകന്‍ സൂരജ് സന്തോഷും സിനിമ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രുതി ശരണ്യവുമാണ് ഈ ഗാനത്തിന് പിന്നില്‍

ഒക്ടോബർ 17ന് യൂട്യൂബിൽ റിലീസ് ചെയ്യപ്പെട്ട ഗാനത്തിനെ നിരവധി പേർ പ്രശംസിച്ചു. യൂട്യൂബിൽ രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞ ഗാനത്തിന് വിമർശങ്ങളും ഏറെ. ഇത്തരത്തിൽ തലമുറകൾ കൈമാറി വന്ന ഒരു ഗാനം മറ്റൊരു രീതിയിൽ ആവിഷ്കരിച്ചതിനെ ചൊല്ലിയായിരുന്ന വിമർശനങ്ങൾ. തലമുറകളിലൂടെ അന്ധമായി കൈമാറിയ എല്ലാ സ്റ്റീരിയോടൈപ്പുകളെയും എല്ലാ ‘സത്യത്തെയും’ ഞങ്ങള്‍ ചോദ്യം ചെയ്യുന്നു എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടപ്പോൾ ഇത്തരത്തിൽ കാലങ്ങളായി പാടിവന്ന പാട്ടിന്റെ വരികളെ മാറ്റിയെഴുതുവാനുള്ള അവകാശമുണ്ടോ എന്ന ചോദ്യമാണ് കാവാലം നാരായണ പണിക്കരുടെ മകൻ ശ്രീകുമാർ ഉന്നയിച്ചത്.

ഇത്തരത്തിലുള്ള പൊളിച്ചെഴുത്തുകൾ ആവശ്യമാണെന്ന് ഒരു പക്ഷം പറഞ്ഞപ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് മറുപക്ഷം. പാരമ്പര്യത്തിന്റെ മേന്മയിൽ അഭിരമിക്കാതെ ബുദ്ധിയും വിവേകവുമുള്ള നാട്ടുകാരുണ്ടാകട്ടെയെന്നും പൊളിച്ചെഴുത്തിലൂടെ മറ്റൊരു വിപ്ലവും തീർക്കാൻ ഇവർക്ക് സാധിക്കട്ടെ എന്നുമുള്ള കമന്റുകളും യൂട്യൂബ് വീഡിയോയ്ക്ക് താഴെ കമന്റുകൾ കാണാം.

ചർച്ചകൾ ചൂടുപിടിച്ച് ഒടുവിൽ ഇപ്പോൾ എത്തി നിൽക്കുന്നത് ശ്രുതിയുടെ പേരിലാണ്. ആലായാൽ തറ വേണം എന്ന പാട്ടിന്റെ വരികളെ തിരുത്തിയ, സവർണ വാർപ്പുമാതൃകകൾക്കെതിരെ ശബ്ദിച്ച ശ്രുതിയുടെ നമ്പൂതിരി എന്ന ജാതിവാൽ എന്തുകൊണ്ട് തിരുത്തുന്നില്ല എന്നും ചോദ്യങ്ങൾ ഉയർന്നു.

ആലായാല്‍ തറ വേണോ?

നൊബേൽ സമ്മാനം നേടിയ അമേരിക്കൻ ​ഗാനരചയിതാവും ​ഗായകനുമായ ബോബ് ഡിലന്റെ ‘ദ ടൈംസ് ദെ ആർ ചേഞ്ചിങ്’ എന്ന വരികളോടെയാണ് മ്യൂസിക് വീഡിയോ ആരംഭിക്കുന്നത്.

ആലായാൽ തറ വേണോയെന്നും, അടുത്തൊരമ്പലം വേണോയെന്നും തുടങ്ങി പാട്ടിലെ ഓരോ വരികളേയും ചോദ്യരൂപത്തിലേക്ക് മാറ്റുകയാണ് ഇവർ. പൗരനായാല്‍ ബോധം വേണം പാരില്‍ സമാധാനം വേണം, പ്രജയെന്നും രാജനെന്നും പദവി വേണ്ട എന്നാണ് ഗാനം പറയുന്നത്.

“നാമെല്ലാവരും കേട്ട് വളര്‍ന്ന ഒരു നിരുപദ്രവകരമായ ഗാനമാണ് ആലയാല്‍ തറ വേണം. എന്നാല്‍ അതില്‍ പല തലത്തില്‍ തെറ്റായ നിരവധി കാര്യങ്ങളുണ്ട്, ശ്രുതി നമ്പൂതിരിയോടൊപ്പം ഞാന്‍ പഴയ ഗാനം പുനാരാവിഷ്‌ക്കരിക്കുകയാണ്. തലമുറകളിലൂടെ അന്ധമായി കൈമാറിയ എല്ലാ സ്റ്റീരിയോടൈപ്പുകളെയും എല്ലാ ‘സത്യത്തെയും’ ഞങ്ങള്‍ ചോദ്യം ചെയ്യുന്നു. പറയുന്നതെന്തും നിശബ്ദമായി സ്വീകരിക്കുന്നതിനുപകരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പുതിയ കലാപത്തിന്റെ വിത്ത് വിതയ്ക്കാം,” എന്നാണ് സൂരജ് കുറിച്ചിരിക്കുന്നത്.

“ഇപ്പോള്‍ നിങ്ങള്‍ എന്തു പറയുന്നു .. വേണോ.. വേണ്ട .. അതു തന്നെ വേണ്ട

ആലായാല്‍ തറ വേണ്ട അടുത്തൊരമ്പലം വേണ്ട

ആലിന്നുചേര്‍ന്നൊരു കുളവും വേണ്ട

കുളിപ്പാനായ് കുളം വേണ്ട കുളത്തില്‍ ചെന്താമര വേണ്ട

കുളിച്ചാല്‍ പിന്നകംപുറം ചിന്തകള്‍ വേണ്ട,” എന്ന വരികളോടെയാണ് പാട്ട് അവസാനിക്കുന്നത്.

കാവാലത്തിന്റെ ഗാനം

ആലായാൽ തറവേണം, അടുത്തൊരമ്പലം വേണം, ആലിന്നു ചേർന്നൊരു കുളവും വേണം എന്ന് തുടങ്ങുന്ന ഗാനത്തിന് പ്രചാരം ലഭിക്കുന്നത് കാവാലം നാരായണ പണിക്കരിലൂടെയും നെടുമുടി വേണുവിന്റെ ആലാപനത്തിലൂടെയുമാണ്. തലമുറകൾ ഒരു ശീലുപോലെ പാടിനടന്ന ഈ പാട്ടിന് പുതിയ കാലത്തും പുനരാവിഷ്കരണങ്ങൾ ഉണ്ടായിട്ടുണ്ട്. മുൻപ് മസാല കോഫിക്ക് വേണ്ടി സൂരജ് സന്തോഷ് തന്നെ ആലായാൽ തറ വേണം എന്ന ഗാനം ആലപിച്ചിട്ടുണ്ട്. മ്യൂസിക് മോജോയിൽ അമൃത സുരേഷ്, കർണാട്ടിക് 2.0യിൽ മഹേഷ് രാഘവൻ തുടങ്ങിയവരുടെ കവർ വേർഷനുകളും യൂട്യൂബിൽ ഹിറ്റാണ്. കാവാലത്തിന്റെ മകൻ ശ്രീകുമാറും നെടുമുടി വേണുവും ആലപിച്ച പതിപ്പുകളും കാണാം.

പൂവായാൽ മണം വേണം പുമാനായാൽ ഗുണം വേണം

പൂമാനിനിമാർകളായാൽ അടക്കം വേണം

നാടായാൽ നൃപൻ വേണം അരികെ മന്ത്രിമാർ വേണം

നാട്ടിന്നു ഗുണമുള്ള പ്രജകൾ വേണം

വിവാദം

ഗാനത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ​ ഇരുചേരികളിലായി തുടരുമ്പോൾ തന്നെ കാവാലം നാരായണപ്പണിക്കരുടെ മകൻ ശ്രീകുമാർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വിവാദങ്ങൾക്ക് തിരികൊളുത്തി.

“100 വർഷത്തിലേറെ പഴക്കമുളള ഒരു നാടൻ ശീലാണ് ഇത്. അച്ഛൻ എഴുതിയതല്ല, പക്ഷേ അച്ഛൻ കണ്ടെത്തി, നടൻ നെടുമുടി വേണുവും തങ്ങളും ഒക്കെ പാടിപ്പാടി നടക്കുന്ന ഒരു പാട്ടാണിത്. ആ വരികൾ തിരുത്താൻ നമുക്ക് അവകാശമുണ്ടോ,” എന്നാണ് കാവാലം ശ്രീകുമാർ ചോദിച്ചത്.

എന്നാൽ തന്റെ അറിവിൽ ഗ്രന്ഥകർതൃത്വം ഇല്ലാത്ത വാമോഴിശീലുകളുടെ ഭാഗമായ പാട്ടുകളെ കാലഘട്ടത്തിന് അനുസരിച്ച് മാറ്റി വ്യാഖ്യാനിക്കുന്നത് ഒരു തെറ്റല്ല. മാത്രവുമല്ല, അത് ഇന്നിന്റെ ശരിയും ആവശ്യകതയും തന്നെയാണ്, എന്നും മറുപടി പറഞ്ഞ് ശ്രുതി നമ്പൂതിരി രംഗത്തെത്തി.

“‘പൂമാനിനിമാർകളായാൽ അടക്കം വേണം’ എന്നൊക്കെ വായിക്കുന്നതിലെ (അ)രാഷ്ട്രീയത്തെ ഇപ്പോഴെങ്കിലും തിരിച്ചറിയാനുള്ള ബാധ്യത ഒരു കലാകാരന് ഉണ്ടാവണം. സൂരജും ഞാനും ആലായാൽ തറ വേണം എന്ന പാട്ടിന്റെ വരികളെ തിരുത്തി വായിക്കുന്നത് അത്തരം ഒരു തിരിച്ചറിവിൽ തന്നെയാണ്,” ശ്രുതി പറഞ്ഞു.

ശ്രുതിയുടെ മറുപടിക്ക് പിന്നാലെ പ്രശസ്തമായ ആ പാട്ടിലൂടെ അവതരിപ്പിക്കുന്ന ചില മൂല്യങ്ങളോട് പുതുതലമുറയ്ക്ക് വിയോജിപ്പു പ്രകടിപ്പിക്കാനും അവകാശമുണ്ടെന്നും മാത്രമല്ല, അത്തരത്തിൽ എത്രയോ കവിതകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് കവി മനോജ് കുരൂർ രംഗത്തെത്തി.

“പഴയ ഓണപ്പാട്ടിലെ ‘മാവേലി നാടു വാണീടും കാലം’ എന്നു തുടങ്ങുന്ന പ്രശസ്തമായ വരികൾ സഹോദരൻ അയ്യപ്പൻ അദ്ദേഹത്തിന്റെ മൂല്യസങ്കല്പത്തിനനുസരിച്ചു മാറ്റി സ്വതന്ത്രമായ കവിതയാക്കിയിട്ടുണ്ട്. കാവാലം നാരായണപ്പണിക്കർ, മണ്ണ് എന്ന കവിതയിൽ, കുട്ടനാട്ടിൽ ഓണപ്പടയ്ക്കു പാടുന്ന, ‘വാളിങ്ങെടുക്കെന്റെ വടിയിങ്ങെടുക്കേ/പവ്വകക്കാളിയൊടു പട വെട്ടി വരട്ടോ’ എന്നിങ്ങനെയുള്ള വരികൾ, ‘മാളിങ്ങെടുത്തോ, ഏന്റെ മണിയിങ്ങെടുത്തോ/ ഏൻ മന്ത്രവാസത്തിനങ്ങാ പോയി മരട്ട്’ എന്നിങ്ങനെ സ്വന്തം രീതിക്കു പുനഃസൃഷ്ടിച്ചിട്ടുണ്ട്. ‘ഏനിന്നലെ ചൊപ്പനം കണ്ടപ്പാ’ എന്നു തുടങ്ങുന്ന സച്ചിദാനന്ദന്റെ ‘പറയപ്പാട്ട്’ അങ്ങനെതന്നെ തുടങ്ങുന്ന ഒരു നാടൻപാട്ടിന്റെ രീതിയിൽ എഴുതിയതാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘യാത്രാമൊഴി’ എന്ന കവിത ആരംഭിക്കുന്നത്, വടക്കൻ പാട്ടിലെ പ്രസിദ്ധമായ വരികൾ ആ കവിതയിലെ സന്ദർഭത്തിനനുസരിച്ച് മാറ്റിയെഴുതിക്കൊണ്ടാണ്. പ്രശസ്തകവിതകൾക്ക്, സീതാരാമനും സഞ്ജയനും തൊട്ടിങ്ങോട്ടുള്ള കവികൾ എഴുതിയിട്ടുള്ള പാരഡികളുടെ എണ്ണമെടുക്കാൻതന്നെ ഈ ചെറിയ ഇടം പോരാ. പുതുകവികളും പാരഡിയുടെ രീതിയിൽ ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. ചരിത്രം ഇതായിരിക്കെ ഇങ്ങനെയൊരു ചോദ്യത്തിന് എന്തു പ്രസക്തി?,” മനോജ് കുരൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.

“ആലായാൽ തറ വേണം’ എന്ന പഴയ പാട്ടിന്റെ വരികൾ പുതുതലമുറ മാറ്റിയെഴുതുന്നതു ശരിയാണോ എന്ന ശ്രീ. കാവാലം ശ്രീകുമാറിന്റെ ചോദ്യം…

Posted by Manoj Kuroor on Saturday, 17 October 2020

ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ പ്രേംകുമാറുമെത്തി. ആലായാൽ തറ വേണമെന്ന് നിർബന്ധം പിടിക്കരുതെന്ന കുറിപ്പോടെ രസകരമായ നിരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയത്.

ആലിന് തറയുണ്ടാവുന്നത് നല്ലതാണെന്നത്
നല്ല വർത്തമാനം.
തറയുണ്ടായേ പറ്റൂ എന്ന് പറയുന്നത്
തറ വർത്തമാനം.

‘മാറ്റിയെഴുതുന്നത്…

Posted by Prem Kumar on Sunday, 18 October 2020

ജാതിവാൽ വിമർശനങ്ങളോട് ശ്രുതിയും പ്രതികരിച്ചു. ജാതിവാലിലെ പ്രിവിലേജിനെ കുറിച്ചും അത് മുറിച്ചു കളയുന്നതിലെ പ്രിവിലേജിനെ കുറിച്ചും ബോധ്യമുണ്ടെന്നും തന്റെ രാഷ്ട്രീം പറയാൻ താനകപ്പെട്ട സാമൂഹികവും ജനിതകമായ കെട്ടുപാടുകളിൽ നിന്ന് സ്വയം വേർപെട്ട് നിൽക്കേണ്ട ആവശ്യമുണ്ടെന്നും ബോധ്യമുണ്ടെന്നും ശ്രുതി പറഞ്ഞു.

സുഹൃത്തുക്കളെ, നിങ്ങൾ സത്താവാദം വിടൂ. Performativity യുടെ അടിസ്ഥാനത്തിൽ സംസാരിക്കൂ. ടെക്സ്റ്റ് സംസാരിക്കുന്നതു എന്തെന്ന്…Posted by Shruthi Sharanyam on Sunday, 18 October 2020

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Aalayal thara veno shruthi sharanyam sooraj santhosh song