കൊച്ചി: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്ക് പിന്നാലെ മല ചവിട്ടാനുള ആഗ്രഹം പ്രകടിപ്പിച്ച് കണ്ണൂർ സ്വദേശിനിയായ യുവതി രംഗത്ത്. താനൊരു വിശ്വാസിയും എല്ലാ മണ്ഡലകാലത്തും വ്രതം നോൽക്കാറുണ്ടെന്നും വ്യക്തമാക്കി ഫെയ്‌സ്ബുക്കിലാണ് ഇവർ തന്റെ ആഗ്രഹം വ്യക്തമാക്കിയിരിക്കുന്നത്.

കണ്ണൂർ സ്വദേശിനിയായ രേഷ്‌മ നിശാന്താണ് ഈ ആഗ്രഹവുമായി രംഗത്ത് വന്നിരിക്കുന്നത്. കറുത്ത വസ്ത്രങ്ങളുടുത്ത്, മാലയിട്ട് ക്ഷേത്ര ദർശനം നടത്തുന്ന ചിത്രങ്ങളും അവർ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് ഇവരെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

“വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ. പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.” രേഷ്‌മ തന്റെ ഫെയ്‌സ്ബുക് പോസ്റ്റിൽ പറയുന്നു.

“വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.” എന്നാണ് രേഷ്മയുടെ നിലപാട്.

മുഴുവൻ ആചാര വിധികളോടും കൂടി, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഇവർ ഫെയ്‌സ്ബുക്കിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആർത്തവം, വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ, ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായാണ് താൻ കാണുന്നതെന്ന് രേഷ്മ വിശദീകരിക്കുന്നുണ്ട്. ഇക്കാരണത്താൽ പൂർണ ശുദ്ധിയോടു കൂടി വ്രതം പൂർത്തിയാക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

വിശ്വാസത്തിൽ ലിംഗ വ്യത്യാസമില്ലെന്നും, തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ സർക്കാരും പൊതു സമൂഹവും എല്ലാ വിധ സഹായവും നൽകണമെന്നും അഭ്യർത്ഥിച്ചുളളതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. #break_the_barrier എന്ന ടാഗോട് കൂടിയാണ് ഇത് അവസാനിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ