പതിനാലാം നൂറ്റാണ്ടിൽ പ്രൗഢിയോടെ ഭരിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാല്‍ വിശിഷ്ടമായ ഹംപിയില്‍ ക്ഷേത്രത്തിന്റെ തൂണുകള്‍ തകര്‍ക്കുന്ന യുവാക്കളുടെ വീഡിയോ പുറത്തുവന്നു. പുരാതന ക്ഷേത്രത്തിന്റെ കല്‍തൂണ് തളളി താഴെയിട്ട് പൊട്ടിക്കുന്ന യുവാക്കളുടെ വീഡിയോ പുറത്ത് വന്നതോടെ പൊലീസ് കേസെടുത്തു.

ഇവരെ ഉടന്‍ പിടികൂടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഹംപിയില്‍ നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. 2019ല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടിരുന്നു. ഇതില്‍ ഹംപിക്ക് ആയിരുന്നു രണ്ടാം സ്ഥാനം. രാജ്യത്ത് സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുളള ശ്രമം നടക്കുന്നതിനിടയിലാണ് ഹംപിയില്‍ നിന്നുളള വീഡിയോ വൈറലായത്.

സംഗീതം ആലപിക്കുന്ന തൂണുകളാണ് ഹംപിയിലേത് എന്നാണ് അറിയപ്പെടുന്നത്. ഹംപിയിലെ സ രി ഗ മ കൽത്തൂണുകളിൽ നിന്ന് ഒഴുകിവരുന്ന മണിനാദം കേട്ട് സഞ്ചാരികള്‍ അത്ഭുതപ്പെടാറുണ്ട്. വിറ്റല ക്ഷേത്ര സമുച്ചയത്തിലായാണ് ഈ തൂണുകൾ സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കൽതൂണുകളിൽ കൈകൊണ്ട് പതുക്കെ കൊട്ടിയാൽ മാധുര്യമേറിയ സംഗീതം നമുക്ക് അനുഭവിച്ചറിയാനാവും. ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമായ വാസ്തുശിൽപ വിദ്യകളിൽ ഒന്നായിതിനെ കണക്കാക്കിയിരിക്കുന്നു.

തൂണ്‍ തകര്‍ത്ത യുവാക്കളെ പിടികൂടാനായി ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ ക്യാംപെയിന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ചിലര്‍ യുവാക്കളെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കി സോഷ്യൽ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ബെംഗളൂരു സ്വദേശിയായ ആയുഷ് സാഹു എന്നയാളാണ് വീഡിയോയില്‍ ഉളള ഒരാളെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

പതിനാലാം നൂറ്റാണ്ടിൽ പ്രൗഢിയോടെ ഭരിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് ഇതൊക്കെ. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് ഹംപി. ഇന്നത്തെ കർണാടകയിൽ ബല്ലാരി ജില്ലയിലാണ് ഹംപി. ഹോസ്പേട്ടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഏകദേശം നാലായിരത്തി ഒരുനൂറ് ഹെക്ടറുകളിലായി പടർന്ന് കിടക്കുന്നതാണ് “ഹംപി റൂയിൻസ്.

യുനെസ്കോയുടെ ഏറ്റവും മികച്ച ലോക പൈതൃക കേന്ദ്രങ്ങളിലൊന്നാണ് ഹംപി പട്ടണം. ചരിത്രപ്രാധാന്യവും മതാധിഷ്ഠിതവുമായ പ്രത്യേകതകൾ കൊണ്ടും അതിവിദഗ്ധമായ ശില്പകലാ വൈഭവങ്ങൾ കൊണ്ടും നിരവധി സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ ചരിത്ര സ്നേഹികളായ നിരവധിയാളുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് എത്തിച്ചേരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook