ബീഫ് വിഭവമെന്നു കേട്ടാല്‍ പോലും നാവില്‍ വെള്ളമൂറാത്ത മലയാളികള്‍ കുറവാണ്. എന്നാല്‍ മലയാളിയുടെ പ്രിയപ്പെട്ട ബീഫ് ഉലര്‍ത്തിയത് ട്വിറ്ററില്‍ പോരിനു കാരണമായിരിക്കുകയാണിപ്പോള്‍. കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഹാന്‍ഡിലിലെ ട്വീറ്റാണു വാക്‌പോരിനു കാരണമായിരിക്കുന്നത്.

”സുഗന്ധവ്യഞ്ജനങ്ങള്‍, തേങ്ങാ കഷ്ണങ്ങള്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് പാചകം ചെയ്തത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ കേരളത്തിലെ ഏറ്റവും വിശിഷ്ട വിഭവം,” എന്നു വിശേഷിപ്പിച്ചുകൊണ്ട് ബീഫ് ഉലര്‍ത്തിയതിന്റെ പാചകക്കൂട്ടാണു കഴിഞ്ഞദിവസം ട്വീറ്റിലൂടെ പങ്കുവച്ചത്.

ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണു രംഗത്തെത്തിയത്. ബീഫിന്റെ ചിത്രം ഉള്‍പ്പെടെത്തിയുള്ള ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതെന്നായിരുന്നു ചിലരുടെ വിമര്‍ശനം.

മറ്റു സംസ്ഥാനങ്ങളിലെ ആളുകള്‍ മകരസംക്രാന്തി, പൊങ്കല്‍, ബിഹു തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന സമയത്ത് ബീഫിനെക്കുറിച്ചുള്ള ട്വീറ്റ് ശരിയായില്ലെന്നു ചില വിമര്‍ശനമുന്നയിച്ചു. ഇവ കന്നുകാലികളെയും പശുക്കളെയും ആരാധിക്കുന്ന ദിവസമാണെന്നും ട്വീറ്റ് ശരിയായ സമയത്തല്ലെന്നും അവര്‍ കുറിച്ചു.

പന്നിയിറച്ചി വിഭവങ്ങളും ഇതേ പോലെ പോസ്റ്റ് ചെയ്യണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തിലുള്ളവര്‍ പന്നിയിറച്ചി കഴിക്കുന്നുണ്ടെന്നും ഉപഭോഗത്തിന് യാതൊരു തടസവുമില്ലെന്നും പല മലയാളികളും ചൂണ്ടിക്കാട്ടി. നിരവധി പേര്‍ വെബ്സൈറ്റില്‍ ലഭ്യമായ പന്നിയിറച്ചി പാചക്കുറിപ്പുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു.

Read Also: സ്വാദിഷ്ടമായ നാടൻ സ്റ്റൈൽ ബീഫ് ഉലർത്തിയത് തയ്യാറാക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook