വാളകം: രക്ഷിതാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്‌കൂൾ പ്രിൻസിപ്പലിന്റേയും പ്രധാന അധ്യാപികയ്ക്കുടേയും വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. വിദ്യാർഥികളെ ക്ലാസിൽ നിന്നു പുറത്താക്കിയതിനെ തുടർന്ന് സ്‌കൂളിലെത്തിയ തന്നെ ഇരുവരും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസും എടുത്തിരുന്നു. അധ്യാപകരിൽ നിന്നുണ്ടായ നടപടികളെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വാളകം പള്ളിത്താഴത്ത് കുടിലിൽ വീട്ടിൽ ഡോളി ബെന്നിയെയും (43) മകനും ഏഴാം ക്ലാസ് വിദ്യാർഥിയുമായ വിൻസ് ബെന്നിയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളിൽ അധ്യാപിക നിർദേശിച്ച പുസ്തകമില്ലാതെ രണ്ടു ദിവസം തുടർച്ചയായി സ്കൂളിലെത്തിയതിനു ഏഴാം ക്ലാസ് വിദ്യാർഥികളായ വിൻസ് ബെന്നിയെയും മാധവ മോഹൻരാജിനെയും പ്രിൻസിപ്പൽ ക്ലാസിനു പുറത്തുനിർത്തി. ഉടൻ സ്കൂളിലെത്തണമെന്നു രക്ഷാകർത്താക്കളെ ഫോണിൽ അറിയിച്ചു. തുടർന്നാണ് വിൻസിന്റെ അമ്മ ഡോളിയും മാധവ മോഹൻരാജിന്റെ അച്ഛൻ മോഹൻരാജും വ്യാഴാഴ്ച ഉച്ചയോടെ സ്കൂളിലെത്തിയത്.

പിന്നീട് ഇരുവരെയും പ്രിൻസിപ്പലും പ്രധാന അധ്യാപികയും ചേർന്ന് രൂക്ഷമായ ഭാഷയിൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഡോളിയെ കയ്യേറ്റം ചെയ്യുമെന്ന നിലയിൽ വരെ അധ്യാപകരെത്തി. പ്രിൻസിപ്പലിന്റെ നിലവിട്ട പെരുമാറ്റം രക്ഷിതാക്കൾ ചോദ്യം ചെയ്തപ്പോൾ കടുത്ത ഭാഷയിലായിരുന്നു ശകാരം.

വീഡിയോ പ്രചരിച്ചതോടെ സ്കൂള്‍ അധികൃതര്‍ തന്നെ പ്രതിച്ഛായ നേരെയാക്കാന്‍ രംഗത്തെത്തിയിരുന്നു. ഇതിന് കണ്ടെത്തിയ വഴി സ്കൂളിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയുളള പ്രചരണം ആയിരുന്നു. ഇതിനായി കുറിപ്പുകളും വീഡിയോകളും തയ്യാറാക്കി പേജിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ വീഡിയോകള്‍ക്ക് താഴെ നിരവധി പേരാണ് സ്കൂളിനെ കളിയാക്കി രംഗത്തെത്തിയിരിക്കുന്നത്. വിട്ടു കൊടുക്കാന്‍ സ്കൂള്‍ പേജും തയ്യാറായിരുന്നില്ല.

ഔദ്യോഗിക പേജിലൂടെ വാവിട്ട വാക്കുകള്‍ ഉപയോഗിച്ചാണ് വിമര്‍ശകര്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ രംഗത്തെത്തിയത്. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകളും ഇപ്പോള്‍ വിമര്‍ശകര്‍ പ്രചരിപ്പിക്കുന്നുണ്ട്. രക്ഷിതാക്കളെ അപമാനിച്ചത് കൂടാതെ പേജിലൂടേയും നിലവാരമില്ലായ്മയാണ് സ്കൂള്‍ കാണിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. എന്തായാലും കൊണ്ടും കൊടുത്തും ബ്രൈറ്റ് സ്കൂളിന്റെ ഫെയ്സ്ബുക്ക് പേജില്‍ ചര്‍ച്ച കൊഴുക്കുകയാണ്.


Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ