Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ടാഗോര്‍ മുതല്‍ എ.ആര്‍.റഹ്മാന്‍ വരെ: കേള്‍ക്കാം ദേശീയ ഗാനത്തിന്‍റെ മധുരം, ഓര്‍ക്കാം നിസ്വനായ കവിയെ

‘ബംഗാളിന്‍റെ ഭാവ ഗായകന്‍’ എന്നറിയപ്പെട്ട ടാഗോറിന്‍റെ തൂലികയില്‍ പിറന്നതാണ് ഇന്ത്യയുടെ ദേശീയ ഗാനം. അതിന്‍റെ മധുരോധരമായ പല പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. തികഞ്ഞ സംഗീതജ്ഞര്‍ മുതല്‍ സാധാരണക്കാര്‍ വരെ പാടുമ്പോഴും ചോര്‍ന്നു പോകാത്ത മാധുര്യമാണ് ‘ജന ഗണ മന’യ്ക്ക്

രവീന്ദ്രനാഥ് ടാഗോറിന്‍റെ 157-ാം ജന്മദിനമാണിന്ന്. ‘ഗീതാഞ്ജലി’ എന്ന കൃതിയിലൂടെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍. അതിലുപരി എഴുത്ത് കൊണ്ടും ചിന്ത കൊണ്ടും ഒരു രാജ്യത്തിന്‍റെ തന്നെ ആവേശമായി മാറിയ കവി. ‘ബംഗാളിന്‍റെ ഭാവ ഗായകന്‍’ എന്നറിയപ്പെട്ട അദ്ദേഹത്തിന്‍റെ തൂലികയില്‍ പിറന്നതാണ് ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജന ഗണ മന’.

അഞ്ചു ചരണങ്ങള്‍ ഉള്ള ഈ ഗാനത്തിന്‍റെ ‘ജന ഗണ മന’ എന്ന് തുടങ്ങി ‘ജയ ഹേ’ വരെയെത്തുന്ന ആദ്യ ചരണം മാത്രമാണ് ദേശീയ ഗാനമായി പാടി വരുന്നത്. ‘ഭാരതത്തിന്‍റെ ഭാഗ്യം വിധാനം ചെയ്യുന്ന, സര്‍വ്വേശ്വരനെയാണ് കവി ഇതില്‍ പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുന, ഗംഗ എന്നീ നദികളും ചേര്‍ന്ന ഭാരത ദേശത്തിന്‍റെ രക്ഷിതാവായി കാണുന്നത്. ‘ഭാരത ഭാഗ്യ വിധാതാ’ ജയിക്കട്ടെ എന്നാണു പാടുന്നത്. കവിയുടെ തന്നെ ശബ്ദത്തില്‍ കേള്‍ക്കാം…

1950 ജനുവരി 24നാണ് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി ‘ജന ഗണ മന’യെ ദേശീയ ഗാനമായി ഔദ്യോഗികമായി അംഗീകരിച്ചത്. എന്നാല്‍ അതിനും വളരെ മുന്‍പ്, 1927 ഡിസംബര്‍ 27-ാം തീയതിയാണ് രവീന്ദ്രനാഥ് ടാഗോര്‍ ഇത് ഒരു പൊതു വേദിയില്‍ ആദ്യമായി ആലപിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 26-ാം സമ്മേളനം കൊൽക്കത്തയില്‍ വച്ച് നടക്കുമ്പോഴാണ് അദ്ദേഹം അത് പാടിയത്. ഔദ്യോഗിക അവസരങ്ങളില്‍ 52 സെക്കന്റുകള്‍ കൊണ്ടാണ് ദേശീയ ഗാനം ആലപിക്കേണ്ടത്.

ബംഗാളി സാഹിത്യത്തിലെ ‘സാധു ഭാഷ’ എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ലളിതമായ ഭാഷയിലാണ് ‘ജന ഗണ മന’ എഴുതപ്പെട്ടിരിക്കുന്നത്. ക്രിയാപദങ്ങളായി (verbs) എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന നാമങ്ങളാണ് (nouns) വരികളില്‍ ഉടനീളം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ ഭാഷകളില്‍ പൊതുവില്‍ കാണപ്പെടുന്ന സംസ്കൃത പദങ്ങളും ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ മനസിലാക്കാവുന്നതും മറ്റു ഇന്ത്യന്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുമ്പോഴും ഈ ഗാനത്തിന്‍റെ അന്തസത്ത വലുതായി ചോരുന്നില്ല.

ഭരത് ബാല പ്രൊഡക്ഷന്‍സിന് വേണ്ടി എ.ആര്‍.റഹ്മാന്‍ സംഗീതം നല്‍കിയിട്ടുണ്ട് ദേശീയ ഗാനത്തിന്. വായ്പ്പാട്ട്, ഉപകരണ സംഗീതം എന്നിങ്ങനെ രണ്ടു പതിപ്പുകളാണ് ഇതിലുള്ളത്. ലതാ മങ്കേഷ്‌കര്‍, ബാലമുരളി കൃഷ്ണ, കവിതാ കൃഷ്ണമൂര്‍ത്തി, ഹരിഹരന്‍, എസ്.പി.ബാലസുബ്രഹ്മണ്യം, ഡി.കെ.പട്ടമ്മാള്‍, ആശ ഭോസ്‌ലെ, ജഗ്ജിത് സിങ്, പണ്ഡിറ്റ്‌ ഭീം സെന്‍ ജോഷി, രാജസ്ഥാന്‍ മംഗനിയര്‍, പണ്ഡിറ്റ്‌ ജസ്രാജ്, ഭുപെന്‍ ഹസാരിക, എ.ആർ.റഹ്മാന്‍ എന്നിവര്‍ ആലപിച്ച ഭരത് ബാലയുടെ ‘ജന ഗണ മന’യുടെ വായ്പ്പാട്ട് പതിപ്പ് കേള്‍ക്കാം.

പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യ (പുല്ലാങ്കുഴല്‍), അമാന്‍ അലി ബങ്കാഷ് – അയാന്‍ അലി (സരോദ്), വിക്കു വിനായക് റാം (ഖടം), ശിവകുമാര്‍ ശര്‍മ്മ – രാഹുല്‍ ശര്‍മ്മ (സന്തൂര്‍), എല്‍.സുബ്രഹ്മണ്യം (വയലിന്‍), വിശ്വ മോഹന്‍ ഭട്ട് (മോഹന വീണ), എ.ആര്‍.റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നതാണ് ഇതിന്‍റെ ഉപകരണ സംഗീത പതിപ്പ്.

‘ജന ഗണ മന’യോളം വിവാദത്തില്‍പ്പെട്ട മറ്റൊരു ടാഗോര്‍ ഗാനം ഉണ്ടാവില്ല. ദേശീയ ഗാനത്തിന്‍റെ ആദ്യ വരിയില്‍ പ്രതിപാദിക്കുന്ന ‘ഭാരത ഭാഗ്യ വിധാതാ’ എന്നത് ഇംഗ്ലണ്ടിലെ ജോര്‍ജ് അഞ്ചാമന്‍ രാജാവിനെക്കുറിച്ചാണ് എന്ന് പറഞ്ഞായിരുന്നു ആദ്യ വിവാദം. മരണാസന്നനായ ടാഗോര്‍, നന്ദ ദുലാല്‍ സെന്‍ ഗുപ്താ എന്ന പത്രപ്രവര്‍ത്തകന് അനുവദിച്ച അഭിമുഖത്തില്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ ആദ്യം കുറച്ചു നേരം മൗനം പാലിച്ച ടാഗോര്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

“സാര്‍തോക് ജനം അമാര്‍ ജോന്‍മേച്ചി ഈ ദേശേ’ (ഈ ദേശത്തില്‍ ജനിച്ചത്‌ കൊണ്ട് എന്‍റെ ജന്മം സാര്‍ത്ഥകമായി) – ഞാന്‍ എഴുതിയ ഈ വരികള്‍ എഴുതേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു.”

മറ്റൊരു അവസരത്തില്‍ പുലിന്‍ ബിഹാരി സെനിന്ന് അയച്ച കത്തിലും ആ വരികളിലെ ‘വിധാതാ’യെക്കുറിച്ചുള്ള തന്‍റെ സങ്കല്‍പ്പത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

“ഇന്ത്യയെ വായിക്കുന്നവനാണ്, ഇന്ത്യയുടെ മനസറിയുന്നവനാണ് ആ വിധാതാവ്. ശാശ്വതമായ ആ വഴിവിളക്ക് ഒരിക്കലും ജോര്‍ജ് അഞ്ചാമനല്ല, ആറാമാനുമല്ല, ഒരു ജോര്‍ജും അതാവുകയുമില്ല.”

2005 -ൽ ദേശീയഗാനത്തിൽ ‘സിന്ധ്’ എന്ന പദം ഉപയോഗിക്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിവാദങ്ങൾ ഉയര്‍ന്നു. 1947 -ൽ തന്നെ ഇന്ത്യയില്‍ നിന്നും  വേർപ്പെട്ടുപോയ ഒരു പ്രവിശ്യയാണ് സിന്ധ് എന്ന കാരണമായിരുന്നു ചൂണ്ടിക്കാട്ടിയത്.

സിന്ധ് എന്ന പദത്തിനു പകരം കശ്മീർ എന്നോ മറ്റൊരു പദമോ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്ന പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധു നദീതട സംസ്കൃതിയെയും, സിന്ധികൾ എന്ന ജനവിഭാഗത്തെയും ആണെന്നായിരുന്നു വിവാദത്തിൽ താൽപര്യമില്ലാതിരുന്ന ഒരു വിഭാഗം കരുതിപ്പോന്നിരുന്നത്. ദേശീയ ഗാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സിന്ധ് എന്നതു സൂചിപ്പിക്കുന്നത് ഒരു സംസ്കാരത്തെയാണെന്നും അതല്ലാതെ ഒരു പ്രവിശ്യയെ അല്ലെന്നും സുപ്രീം കോടതി തന്നെ അഭിപ്രായപ്പെടുകയുണ്ടായി.

1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിൽ ‘യഹോവയുടെ സാക്ഷി’കളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. സുപ്രീം കോടതി ഈ കേസ് പരിഗണിച്ച സമയത്ത് പുറത്താക്കല്‍ ശരിവച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, ‘യഹോവയുടെ സാക്ഷി’കളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം കേൾക്കുമ്പോള്‍ എഴുന്നേറ്റു നിന്നാൽ മതിയാകുമെന്നും കൂടെ ആലപിക്കണമെന്ന് നിര്‍ബന്ധമില്ല എന്നും അഭിപ്രായപ്പെട്ടു.

2016 നവംബര്‍ 30ന് ഇന്ത്യയിലെ സിനിമാ തിയേറ്ററുകളില്‍ ചലച്ചിത്രം ആരംഭിക്കുന്നതിനു മുന്‍പ് ദേശീയ ഗാനം വേണം എന്ന് നിഷ്‌കര്‍ഷിച്ചു. പരക്കെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ 2018 ജനുവരി 9ന് ഈ തീരുമാനം പിന്‍വലിക്കപ്പെട്ടു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: A r rahman to shillong chamber choir many versions of the national anthem jana gana mana on rabindranath tagore birth anniversary

Next Story
“കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ല ” ലിജോ ജോസ് പെല്ലിശ്ശേരിlijo jose pellissery, director
The moderation of comments is automated and not cleared manually by malayalam.indianexpress.com