അനുകരണ കലയിലൂടെ വിസ്മയം തീർക്കുന്ന അനവധി കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. ജയറാം, ദിലീപ്, സലീം കുമാർ പോലുള്ള താരങ്ങളുടെ പിറവിയും മിമിക്രിയിലൂടെയായിരുന്നു. യുവ മിമിക്രി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ഫ്ളവേഴ്സ് ചാനലൊരുക്കുന്ന ഷോയാണ് കോമഡി ഉത്സവം. പ്രകടനത്തിനായെത്തിയ മിമിക്രി കലാകാരന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
വൈറലായി എന്നു മാത്രം പറഞ്ഞാൽ പോര സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈ വീഡിയോ റീ ട്വീറ്റ് ചെയ്തിരിക്കുകയാണ്. എ ആർ റഹ്മാന്റെ ശബ്ദം അനുകരിച്ചു കൊണ്ട് പാടുകയാണ് നിഖിൽ പ്രഭ. ദിൽസേ എന്ന ഗാനമാണ് നിഖിൽ പാടുന്നത്. ഹൈ പിച്ചുള്ള ഗാനങ്ങൾ ആലപിക്കുമ്പോൾ റഹ്മാനുമായി സാമ്യതയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് നിഖിൽ പറയുന്നു. ശബ്ദത്തിലെ സാമ്യത കേട്ട് ആവേശത്തേടെ കൈയ്യടിക്കുന്ന വിധിക്കർത്താക്കളെയും കാണികളെയും വീഡിയോയിൽ കാണാം.
നിഖിലിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഒരാൾ പങ്കുവച്ച വീഡിയോയാണ് എ ആർ റഹ്മാൻ റീട്വീറ്റ് ചെയ്തത്. ചിരിക്കുന്ന ഇമോജിയോടു കൂടിയാണ് എ ആർ റഹ്മാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ കൗതുകത്തോടെയാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്. റഹ്മാന്റെ ശബ്ദം അനുകരിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും എന്നാൽ നിഖിലിന് അതു നിഷ്പ്രയാസം സാധിച്ചെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.