ശരീരത്തിൽ തീപിടിച്ച് ഓടുന്ന ഈ ആനക്കുട്ടിയുടെ ചിത്രം ആരെയും വേദനിപ്പിക്കും. വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിന്‍ഭാഗമാകെ ആളിപ്പടരുന്ന തീയുമായി ഓടുകയാണ് കുട്ടിയാന. ഇരുവരും റോഡിനു കുറുകെ ഓടുന്ന ചിത്രത്തില്‍ ഓടുന്ന ആള്‍ക്കൂട്ടത്തെയും കാണാം. സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയില്‍ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്. ബിപ്ലവ് ഹസ്റ എന്നയാളാണ് ചിത്രം പകർത്തിയത്. നരകമിവിടെയാണ് എന്ന അടിക്കുറുപ്പോടെയാണ് പുരസ്‌കാരചിത്രം മാഗസിന്‍ പുറത്തുവിട്ടത്. ആനകൾക്ക് എന്ത് സംഭവിച്ചതാണെന്ന് മാസികയോ ബിപ്ലവോ വിശദീകരിക്കുന്നില്ല. ഇതേക്കുറിച്ച് പലതും പറഞ്ഞു കേള്‍ക്കുന്നു. ടാര്‍ വീപ്പയ്ക്ക് തീ കൊളുത്തി എറിഞ്ഞുവെന്നാണ് ഒരുപക്ഷം.

ആനയും മനുഷ്യരുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് കുപ്രസിദ്ധമാണ് ബങ്കുര. ചിത്രം പുറത്തുവന്നതോടെ ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ