ബെയ്ജിങ്: ചെറിയൊരു ശ്രദ്ധക്കുറവിന് ചിലപ്പോൾ ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടി വരും. ഇത്തരത്തിൽ ചെറിയൊരു ശ്രദ്ധക്കുറവ് മൂലം ചൈനയിലെ ഒരാൾക്ക് വർഷങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം നഷ്ടപ്പെട്ടേനെ. മാലിന്യമാണെന്ന് വിചാരിച്ച് അയാൾ ചവറ്റുകുട്ടയിൽ കളഞ്ഞത് ലക്ഷങ്ങളാണ്.

ചൈനയിലെ ലിയോണിങ്ങിൽ താമസിക്കുന്ന വാങ് കൈയ്യിൽ രണ്ടു പ്ലാസ്റ്റിക് ബാഗുകളുമായാണ് വീട്ടിൽ നിന്നിറങ്ങിയത്. ഒന്നിൽ നിറയെ പാഴ്‌വസ്തുക്കളായിരുന്നു. മറ്റേ ബാഗിൽ വർഷങ്ങൾ കൊണ്ട് താൻ സമ്പാദിച്ചു കൂട്ടിയ പണമായിരുന്നു. ഏകദേശം 1,24,000 യുവാൻ ( ഏകദേശം 12 ലക്ഷത്തോളം രൂപ) ആണ് ബാഗിലുണ്ടായിരുന്നത്. ബാങ്കിൽ പണം നിക്ഷേപിക്കാനായിട്ടാണ് വാങ് ബാഗുമായി പോയത്.

പക്ഷേ പാഴ്‌വസ്തുക്കളുടെ ബാഗാണെന്ന് കരുതി വാങ് ചവറ്റുകുട്ടയിൽ കളഞ്ഞത് പണമടങ്ങിയ കവറായിരുന്നു. ബാങ്കിലെത്തിയപ്പോഴാണ് വാങ്ങിന് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. ഉടൻ തന്നെ മാലിന്യം കളഞ്ഞ ചവറ്റുകുട്ടയ്ക്ക് സമീപമെത്തി പരിശോധിച്ചെങ്കിലും പണം കിട്ടിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പണമടങ്ങിയ കവറുമായി ഒരാൾ നടന്നുനീങ്ങുന്നത് കണ്ടെത്തി. എന്നാൽ ദൃശ്യം അത്ര വ്യക്തമല്ലാത്തതിനാൽ അതാരാണെന്ന് പൊലീസിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ചവറ്റുകുട്ട സ്ഥാപിച്ചിരുന്ന പ്രദേശത്തിന് സമീപം താമസിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഒരു സ്ത്രീ കുറ്റം സമ്മതിക്കുകയും പണമടങ്ങിയ ബാഗ് പൊലീസിന് കൈമാറുകയും ചെയ്തു.

പണമടങ്ങിയ ബാഗ് ലഭിച്ചതുമുതൽ തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് സ്ത്രീ പിന്നീട് പറഞ്ഞു. പണം തിരികെ നൽകാൻ കാട്ടിയ നല്ല മനസ്സിന് ഉപഹാരമായി 2,000 യുവാൻ (ഏകദേശം 20,000 രൂപ) വാങ് സ്ത്രീക്ക് നൽകുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ