തിരുവനന്തപുരം: ഗുരുതാരാവസ്ഥയിലായിരുന്നു രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സിന് മുമ്പേ ഓടി വഴിയൊരുക്കിയ പൊലീസുകാരന് അഭിനന്ദന പ്രവാഹം. ഹൈവെ പൊലീസിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ രഞ്ജിത് കുമാറാണ് കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോയില്‍ ആംബുലന്‍സിന്റെ മുമ്പേ ഓടി വഴിയൊരുക്കിയത്.

ചെങ്ങന്നൂര്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കോട്ടയം ടൗണിന് മുന്നില്‍ വച്ചാണ് ട്രാഫിക് ബ്ലോക്കില്‍ പെട്ടത്. മുന്നോട്ട് പോകാന്‍ വഴി ഇല്ലാത്ത തരത്തില്‍ വാഹനങ്ങളുടെ നീണ്ട നിര. ഉടന്‍ തന്നെ രഞ്ജിത് ആംബുലന്‍സിന്റെ മുമ്പില്‍ ഓടി മറ്റ് വാഹനങ്ങളെ അരികിലേക്ക് മാറ്റി. പൊലീസുകാരന്‍ ആംബുലന്‍സിന് വഴിയൊരുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി.

ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയ പങ്കുവച്ചത്.
വൈക്കം കുലശേഖരപുരം സ്വദേശി രഞ്ജിത്ത് രാധാകൃഷ്ണന്‍ ആയിരുന്നു വീഡിയോയിലെ ആ താരം. കോട്ടയം എ.ആര്‍. ക്യാമ്ബിലെ സി.പി.ഒ ആയ രഞ്ജിത്തിന് ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഹൈവേ പൊലീസിന്റെ വാഹനത്തിലായിരുന്നു അന്ന് ഡ്യൂട്ടി. കോട്ടയം ടൗണിന് മുന്‍പ് ബി.എസ്.എന്‍.എ. ഓഫീസിന് മുന്നില്‍ വച്ചായിരുന്നു ആംബുലന്‍സ് ബ്ലോക്കില്‍ പെട്ടത്. എന്തായാലും രഞ്ജിത്തിനെ അഭിനന്ദിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞത്. ഈ വര്‍ഷം താരമായവരുടെ നിരയിലേക്ക് അവസാന നിമിഷം കടന്നുകൂടിയിരിക്കുകയാണ് ചെറുപ്പക്കാരനായ ഈ പൊലീസുകാരനും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ