Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

‘മൊയ്തീന്‍ ഹാജിയുടെ സദ്യയ്ക്ക് മാര്‍ക്കറ്റ് ഇല്ലാത്തത് പോലെ ബാലന്‍ നായരുടെ ഇറച്ചി കടകള്‍ക്കും ഡിമാന്റ് കാണില്ല’

ബീഫ് നിരോധനത്തെ ന്യായീകരിച്ച വാദങ്ങള്‍ വിലപോവില്ലെന്ന് കണ്ടപ്പോള്‍ സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിപ്പിടിച്ച ‘പോര്‍ക്ക്’ വിഷയത്തിനെതിരെ ഒരാള്‍ നിരത്തിയ വാദങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്

പ്രതീകാത്മക ചിത്രം

കൊച്ചി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ നവമാധ്യമങ്ങളിലെ ചര്‍ച്ച കൊഴുക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരതയെന്ന് പറഞ്ഞാണ് സംഘപരിവാര്‍ ശക്തികള്‍ കേന്ദ്ര നടപടി ന്യായീകരിക്കുന്നത്. എന്നാല്‍ ഭക്ഷണ സ്വാതന്ത്രത്തില്‍ കേന്ദ്രം കൈകടത്തേണ്ടെന്ന വാദം നവമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.

ബീഫ് നിരോധനത്തെ ന്യായീകരിച്ച വാദങ്ങള്‍ വിലപോവില്ലെന്ന് കണ്ടപ്പോള്‍ സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിപ്പിടിച്ച ‘പോര്‍ക്ക്’ വിഷയത്തിനെതിരെ ഒരാള്‍ നിരത്തിയ വാദങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ‘ഉഗാണ്ടയില്‍ പഴം പൊരി കിട്ടുമോ?’ എന്ന തലക്കെട്ടോടെയുള്ള പോസ്റ്റ് വിടി ബല്‍റാം എംഎല്‍എ അടക്ക നിരവധി പേരാണ് മണിക്കൂറുകള്‍ക്കകം ഷെയര്‍ ചെയ്തിരിക്കുന്നത്. നാസര്‍ കുന്നുമ്പുറത്ത് എന്നയാളാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്.

ഉഗാണ്ടയില്‍ പഴംപൊരി കിട്ടുമോ?
—————————————————–
ബീഫ് ലോജിക്ക് തീര്‍ന്നതിനാല്‍ പോര്‍ക്ക് ലോജിക്കില്‍ ആണ് സംഘികള്‍ ഇപ്പോള്‍ സമയം മുടക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ പത്തു പ്രമാണങ്ങള്‍ കൂടെ സൂചിപ്പിക്കട്ടെ!
പോയന്‍റ് 1
മുസ്ലിങ്ങളെ സംബന്ധിച്ച് പന്നി ആര് കഴിക്കുന്നതിലും അവര്‍ക്ക് പ്രശ്നമില്ല. അവര്‍ കഴിക്കില്ല എന്നേയുള്ളൂ
പോയന്‍റ് 2
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോര്‍ക്ക്‌ സ്റ്റാളുകള്‍ ആരും തുടങ്ങാത്തത് അതിനു ചിലവ് ഉണ്ടാവില്ല എന്നത് കൊണ്ടാണ്. മലപ്പുറത്ത് മാത്രമല്ല തിരുവനന്തപുരം നഗരത്തിലും പന്നി കിട്ടാന്‍ പ്രയാസമാണ്. പോര്‍ക്ക്‌ കട തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് മലപ്പുറത്ത് കുറഞ്ഞ വാടകയ്ക്ക് കടമുറി സംഘടിപ്പിച്ചു തരുന്ന കാര്യം ഞാനേറ്റു.
പോയന്‍റ് 3
മലപ്പുറത്ത് തന്നെ നിലമ്പൂര്‍, ചുങ്കത്തറ, പെരിന്തല്‍മണ്ണ എന്നിങ്ങനെ ക്രിസ്ത്യാനികള്‍ ധാരാളം ഉള്ള സ്ഥലങ്ങളില്‍ എല്ലാം പോര്‍ക്ക്‌ വില്‍ക്കുന്ന കടകള്‍ ഉണ്ട്. ഇനി ഭൂരിഭാഗം ക്രിസ്ത്യാനികള്‍ ഇല്ലെങ്കിലും മലപ്പുറത്തെ ബാറുകളിലും (എല്ലാം പൂട്ടി 🙁 ) , സാധാരണ കള്ളുഷാപ്പില്‍ പൊതുവെയും പോര്‍ക്ക്‌ കിട്ടും. ആര് വന്നാലും നല്ല തണുത്ത കള്ളും പോര്‍ക്കും കഴിച്ചു പോകാം. ഫുള്‍ ചിലവ് ഫ്രീ.
പോയന്‍റ് 4
ഗള്‍ഫില്‍ പന്നി വില്‍ക്കാന്‍ പ്രത്യേക കട എന്തെ എന്ന ചോദ്യം. ഗള്‍ഫില്‍ പന്നി വില്‍ക്കാന്‍ മാത്രമല്ല ബീഫ് വില്‍ക്കാനും, കോഴി വില്‍ക്കാനും, പച്ചക്കറി വില്‍ക്കാനും ഒക്കെ വേറെ വേറെ ലൈസന്‍സ് ആണ്. ഇവിടെയുള്ളത് പോലെ എല്ലാം കൂടെ ഒറ്റ സ്ഥലത്ത് ഇട്ടു വില്‍ക്കാന്‍ പറ്റില്ല എന്നാണു എന്‍റെ അറിവ്.
പോയന്‍റ് 5
എന്ത് കൊണ്ട് മുസ്ലിങ്ങളെ ഈ കടകളില്‍ നിന്നും പോര്‍ക്ക്‌ വാങ്ങാന്‍ അനുവദിക്കുന്നില്ല?
മദ്യ ഷോപ്പുകളിലും മുസ്ലിങ്ങള്‍ക്ക് മദ്യം നല്‍കില്ല എന്നതാണ് ഗള്‍ഫിലെ നിയമം. പോര്‍ക്കും, മദ്യവും ഇസ്ലാം മതത്തില്‍ നിരോധിച്ച കാരണത്താല്‍ അതിന്‍റെ അനുയായികള്‍ക്ക് നല്‍കുന്നില്ല എന്നതാണ് വാസ്തവം. ഇത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് ഉള്ള കൈ കടത്തല്‍ ആണ്. ഗള്‍ഫില്‍ അതടക്കം ഒട്ടേറെ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്തുന്നുണ്ട് എന്നതിനാല്‍ ഇതില്‍ മാത്രമായി സ്പെഷ്യല്‍ വിമര്‍ശനത്തിന്‍റെ ലക്ഷ്യം എന്താണ്?
പോയന്‍റ് 6
പോര്‍ക്ക്‌ കടകള്‍ തുടങ്ങാന്‍ അനുമതിയുള്ള രാജ്യങ്ങളില്‍ തന്നെ എന്ത് കൊണ്ട് നിയന്ത്രണങ്ങള്‍?
മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് പൊതുവേ എല്ലാ രാജ്യങ്ങളിലും നിയന്ത്രണം ഉണ്ട്. നമ്മുടെ നാട്ടില്‍ തന്നെ അമ്പലത്തിന്‍റെ ചുറ്റുവട്ടത്ത് മാംസം വില്‍ക്കാന്‍ നഗര സഭ/ പഞ്ചായത്ത് അനുമതി ലഭിക്കില്ല. സ്കൂള്‍, മത കേന്ദ്രങ്ങള്‍ എന്നിവയ്ക്കടുത്തു മീന്‍ കടയോ, മദ്യ ഷോപ്പുകളോ സ്ഥാപിക്കാനും അനുമതി കിട്ടില്ല. ഗള്‍ഫില്‍ മത പരമായ വിശ്വാസം കൂടെ ഒരു ഘടകം എന്നതിനാല്‍ അവര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിങ്ങള്‍ക്ക് ഈ നിയന്ത്രണം നമ്മുടെ എല്ലാ ക്ഷേത്ര നഗരികളിലും കാണാന്‍ സാധിക്കും.
പോയന്‍റ് 7
മുസ്ലിം രാജ്യങ്ങളില്‍ പോര്‍ക്കിനു നിരോധനമോ നിയന്ത്രണമോ ഉണ്ട്.
സൗദി, പാകിസ്താന്‍ എന്നിവ ഒഴികെ അന്‍പതില്‍ അധികം മുസ്ലിം രാജ്യങ്ങളില്‍ പോര്‍ക്കിനു ബ്ലാങ്കറ്റ് ബാന്‍ എവിടെയും ഇല്ല. അമുസ്ലിം രാജ്യങ്ങളില്‍ പോര്‍ക്കിനു വലിയ നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലമാണ് ഇസ്രായേല്‍. ജൂത മതത്തില്‍ പോര്‍ക്ക്‌ നോണ്‍ കോഷര്‍ ആണ്.
പോയന്‍റ് 8
എന്ത് കൊണ്ട് ഹിന്ദുക്കളെ മാംസം വില്‍ക്കാന്‍ അനുവദിക്കുന്നില്ല?
ആരും അനുവദിക്കാതെ ഇരിക്കുന്നില്ല. അവര്‍ ചെയ്യുന്നില്ല എന്ന് മാത്രം. ഒരു സോഷ്യല്‍ ടാബൂ, കള്‍ച്ചറല്‍ ടാബൂ ഒക്കെ ആവാം കാരണം. പിന്നെ മൊയ്തീന്‍ ഹാജിയുടെ സദ്യ എന്ന് കേട്ടാല്‍ മാര്‍കറ്റ്‌ ഇല്ലാത്തത് പോലെ ബാലന്‍ നായരുടെ ഇറച്ചി കടകള്‍ക്കും ഡിമാണ്ട് കാണില്ല. അതിനാല്‍ നമ്മുടെ നാട്ടില്‍ കോഴിക്കട പോലും നടത്തുന്ന ഹിന്ദുക്കള്‍ വിരളമാണ്.
പോയന്‍റ് 9
മത നിയമം അനുസരിച്ച് ആളുകള്‍ ഭക്ഷണ ശീലം തിരഞ്ഞെടുക്കുന്നത് ശരിയാണോ?
അല്ല, പക്ഷെ എന്ത് ചെയ്യാം? മതവും കള്‍ച്ചറും ആണ് ഇതൊക്കെ ചെറുപ്പത്തില്‍ അടിച്ചേല്‍പ്പിക്കുന്നത്. അത് നമ്മള്‍ പട്ടിണിയില്‍ ആണ് എങ്കില്‍ പോലും ആ കള്‍ച്ചര്‍ അനുസരിച്ചേ കഴിക്കാന്‍ സാധിക്കൂ. വിശന്നു വരുന്ന മാംസാഹാരി അല്ലാത്ത പട്ടര്‍ക്ക് കോഴി ബിരിയാണി നല്‍കിയാല്‍ അയാള്‍ക്ക് കഴിക്കാന്‍ കഴിഞ്ഞു കൊള്ളണം എന്നില്ല. പട്ടിണി കിടക്കുന്ന ഒരു മുസ്ലിമിന് പോര്‍ക്ക്‌ ഫ്രൈ നല്‍കിയാല്‍ അയാള്‍ക്ക് അത് കഴിച്ചു വിശപ്പടക്കാന്‍ തോന്നില്ല.
വിശന്നു പൊരിഞ്ഞ മലയാളിക്ക് ചൈനീസ് നൂഡില്‍സൊ, സ്മോക്ക്‌ട് ഫിഷോ നല്‍കിയാല്‍ അവന്‍ കഴിചെക്കില്ല. ജര്‍മനിയിലെ മുസ്ലിം അഭയാര്തികള്‍ക്ക് പോര്‍ക്ക് നല്‍കിയപ്പോള്‍ ഉണ്ടായ ബഹളവും, നേപ്പാളില്‍ ഭൂകമ്പം ഉണ്ടായ സ്ഥലത്തേക്ക് പൊട്ടറ്റോ ഇന്‍ ബീഫ് മസാല എന്ന സാധനം പാകിസ്താന്‍ നല്‍കിയപ്പോള്‍ ഉണ്ടായ വിവാദവും ഓര്‍മ്മയുണ്ടല്ലോ?
പോയന്‍റ് 10
ഹിന്ദുക്കള്‍ ആരാധിക്കുന്ന പശുവിനെ തന്നെ തിന്നണം എന്ന് മുസ്ലിങ്ങള്‍ക്ക് എന്താണ് വാശി?
ഇങ്ങനെ വാശിയൊന്നും ഉണ്ട് എന്ന് തോന്നുന്നില്ല. സത്യത്തില്‍ ഹിന്ദു മതം ആരാധിക്കാത്ത മൃഗങ്ങള്‍ ഏതാണ് എന്നതാണ് ചോദിക്കേണ്ടത്. കേരളം ഒഴിച്ചാല്‍ ലോകം മൊത്തം ഉള്ള മുസ്ലിങ്ങളുടെ ഇഷ്ട മാംസാഹാരം മട്ടന്‍ ആണ്. തമിഴ്നാട്ടില്‍ വരെ അതാണ്‌. ഒരു സമുദായം എന്ന നിലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് കഴിക്കുന്നത് ക്രിസ്ത്യാനികള്‍ ആണ്. പ്രത്യേകിച്ചും നോര്‍ത്ത് ഈസ്റ്റില്‍ ഉള്ളവര്‍.
നമ്മുടെ നാട്ടില്‍ തന്നെ പാലക്കാട്, കോയമ്പത്തൂര്‍ ഭാഗത്തുള്ള പട്ടന്മാര്‍ക്ക് ഉള്ളി ഹറാം ആണ്. ഒരു വെങ്കായവും അവര്‍ ഒരു കറിയിലും ഉപയോഗിക്കില്ല. ഉള്ളി ഉപയോഗിച്ച കറികള്‍ അവര്‍ കഴിക്കയും ഇല്ല.
ജൈനന്മാര്‍ ലെറ്റൂസ് കഴിക്കാറില്ല, ബുദ്ധന്മാര്‍ മാംസങ്ങള്‍ക്ക് പുറമേ ഉള്ളി കൂണ്‍ എന്നിവ കഴിക്കില്ല. കൊറിയക്കാര്‍ വെട്ടു കിളി മുതല്‍ പാറ്റയെ വരെ വറുത്ത് തിന്നുമ്പോള്‍ നമുക്ക് അത് ചിന്തിക്കാന്‍ പോലും പറ്റില്ല. യൂറോപ്പില്‍ കുതിരയിറച്ചി വളരെ സാധാരണയാണ്. ഇറ്റലിക്കാര്‍ ആണ് ഏറ്റവും കൂടുതല്‍ കുതിരയിറച്ചി തിന്നുന്നവര്‍.
ജൂതന്മാര്‍ ആണ് കോഷര്‍ നിയമം (ഹലാലിനു സമാനം) വച്ച് പന്നി, പട്ടി, ഏതാണ്ട് എല്ലാ പക്ഷികളും, പല തരം കിഴങ്ങുകളും, ജീവികളും, പാലും വരെ നിരോധിച്ച മത നിയമം അനുസരിക്കുന്നവര്‍.
ഫിലിപ്പീന്സുകാരും, ചൈനയില്‍ ഒരു വിഭാഗവും പട്ടിയെ തിന്നുമ്പോള്‍ പട്ടിയെ തിന്നുന്നത് മഹാ മോശം എന്ന് കരുതുന്നവര്‍ ആണ് യൂറോപ്യന്മാര്‍, ജൈനന്മാര്‍ മുട്ടയോ, സോമാലികള്‍ മീനോ കഴിക്കാറില്ല.
അതായത് കഴിപ്പും, കഴിക്കാതിരിക്കലും ഒക്കെ വിശ്വാസം, പാരമ്പര്യം (മതപരമോ, കുടുംബപരമോ) ഒക്കെ ആയ കാരണങ്ങള്‍ ആണ്. അത് വ്യക്തികള്‍ക്ക് വിട്ടു കൊടുക്കുക.
അവസാനമായി:-
ഞാന്‍ കഴിക്കില്ല
ഞാന്‍ വാങ്ങില്ല
ഞാന്‍ വില്‍ക്കില്ല
എന്ന് പറയുന്നതും
നീ കഴിക്കരുത്
നീ വില്‍ക്കരുത്
നീ വാങ്ങരുത്
എന്ന് പറയുന്നതും രണ്ടാണ്. പറയുന്നത് കൊണ്ട് വലിയ പ്രയോജനം ഒന്നും ഇല്ല എന്നറിയാം. എന്നാലും മനസ്സമാധാനത്തിന് പറയുന്നു എന്നേയുള്ളൂ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: A facebook post about beef ban is viral now

Next Story
‘ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞാല്‍ മലയാളിക്ക് ഇഷ്ടം ബീഫും പൊറോട്ടയും!
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express