മടിപിടിച്ച് ഒഴിവുകഴിവ് പറയുന്നവര്‍ക്കിടയില്‍, പ്രായമെന്നതു വെറുമൊരു അക്കം മാത്രമാണെന്നു പറഞ്ഞുകൊണ്ട് വമ്പന്‍ ചലഞ്ചുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഞെട്ടിക്കുന്നവരെ നാം പലതവണ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ ഒരു അമ്മൂമ്മ.
വിങ് വാക്കര്‍ എന്ന നിലയില്‍ തന്റെ അഞ്ചാമത്തെ ഹൈ ഫ്‌ളൈയിങ് ചലഞ്ച് പൂര്‍ത്തിയാക്കിരിക്കുകയാണു യുകെയില്‍ നിന്നുള്ള തൊണ്ണൂറ്റി മൂന്നുകാരി ബെറ്റി ബ്രോമേജ്. പറക്കുന്ന വിമാനത്തിന്റെ ചിറകുകളിൽ സഞ്ചരിക്കുന്ന പ്രവൃത്തിയാണ് വിങ് വാക്കിങ്.
ബി ബി സി ഗ്ലൗസെസ്റ്റര്‍ഷയര്‍ ഫേസ്ബുക്കില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ബെറ്റി ബ്രോമേജ് വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ കൈ വീശുന്നതു കാണാം. വിമാനം പറന്നുയരുമ്പോള്‍ അതിനു മുകളില്‍ ശാന്തമായി നിലകൊള്ളുകയാണ് അവര്‍. ആകാശത്ത് തിരിയുകയും മറിയുകയും ചെയ്യുന്ന വിമാനം തുടര്‍ന്ന് ലാന്‍ഡ് ചെയ്യുന്നതും തുടര്‍ന്ന് ബെറ്റി ബ്രോമേജ് ഉന്മേഷത്തോടെ അതില്‍നിന്ന് ഇറങ്ങിവരുന്നതും കാണാം.
”ഇത് വളരെ മികച്ചതായിരുന്നു, അതെ അത് വളരെ മികച്ചതായിരുന്നു. മുകള്‍ത്തട്ടില്‍ അല്‍പ്പം മങ്ങലായിരുന്നു! പക്ഷേ ഞാന്‍ ആസ്വദിച്ചു. അതെ ഇത് തികച്ചും ആഹ്ലാദകരമാണ്, ഇത് വ്യത്യസ്തമാണ്. മുന്‍പ് ഒരിക്കലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു. നിങ്ങള്‍ ഇത് പരീക്ഷിച്ചില്ലെങ്കില്‍, നിങ്ങള്‍ അത് ചെയ്യണം. നിങ്ങള്‍ കാണുന്ന പല കാര്യങ്ങളും എനിക്ക് ചെയ്യാന്‍ കഴിയില്ല. പക്ഷേ ഇതു സാധിച്ചു,” വീഡിയോയില്‍ ബ്രോമേജ് പറയുന്നു.
പൈലറ്റ് ബ്രയാന്‍ കോര്‍ണ്‍സാണു വിമാനം പറത്തിയത്. ”നിങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നതില്‍ ഞാന്‍ പരിഭ്രാന്തനായിരുന്നു! 93 വയസായി, ആരാണ് കൂടുതല്‍ ഭയപ്പെട്ടതെന്ന് എനിക്കറിയില്ല. അവരോ ഞാനോ. അവര്‍ ഒരു അത്ഭുത സ്ത്രീയാണെന്ന് ഞാന്‍ കരുതുന്നു, തികച്ചും അവിശ്വസനീയമാണ്. ഞങ്ങള്‍ അടിയില്‍നിന്ന് മണിക്കൂറില്‍ 130 മൈല്‍ വേഗത്തില്‍ സഞ്ചരിച്ചു. ഞാന്‍ ബെറ്റിയെ മുഴുവന്‍ സമയവും നിരീക്ഷിച്ചുകൊണ്ടിരുന്നു. അവര്‍ സുരക്ഷിതയാണെന്നും യാത്ര ആസ്വദിച്ചുവെന്നും ഉറപ്പാക്കാനായിരുന്നു അത്,” അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ് കെയര്‍ ചാരിറ്റിയായ സ്യൂ റൈഡറിനു വേണ്ടി ഫണ്ട് സ്വരൂപിക്കാനായിരുന്നു ബ്രോമേജിന്റെ സാഹസികതയെന്നാണു ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെലിവിഷനില്‍ കണ്ട ഒരു ചോക്ലേറ്റ് ബാര്‍ പരസ്യമാണു വിമാനത്തില്‍ കയറാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 87 വയസ് മുതല്‍ ധനസമാഹരണം നടത്തുന്ന ബെറ്റി ബ്രോമേജ് പേസ് മേക്കറും കഴുത്തില്‍ സന്ധിവാതവുമായുള്ള ജീവിതാവസ്ഥയെ അവഗണിച്ചാണ് ഇത്തരം സാഹസികതയില്‍ ഏര്‍പ്പെടുന്നത്.