മനസിൽ ചെറുപ്പം നിലനിൽക്കുന്നിടത്തോളം കാലം സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു പ്രായം തടസമല്ല. തന്റെ ഭാര്യ കഴിയുന്ന നഴ്സിങ് ഹോമിന് വേണ്ടി സ്കൈ ഡൈവ് ചെയ്തു പണം കണ്ടെത്തുകയാണ് ഫ്രാങ്ക് വാർഡ്.
90-കാരനായ ഫ്രാങ്ക് മുൻ പാരാട്രൂപ്പറും യുകെ ആസ്ഥാനമാക്കിയുള്ള നോർത്ത് യോർകിഷിന്റെ മാർക്കറ്റിങ് മാനേജരും കൂടിയായിരുന്നു. ഒരു പ്രൊപ്പല്ലർ വിമാനത്തിൽ നിന്ന് 15,000 അടി താഴ്ചയിലേക്ക് ഫ്രാങ്ക് ചാടുന്ന കാഴ്ച ആരേയും അത്ഭുതപ്പെടുത്തും.
‘നൗദിസ്ന്യൂസ്’ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഫ്രാങ്കിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 44,000-ലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.
തന്റെ ഹൃദയം അമിതമായി അധ്വാനിക്കേണ്ടിവരുന്നതിൽ ആശങ്കയുണ്ടെങ്കിലും ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ് താനെന്നാണ് ഫ്രാങ്ക് പറഞ്ഞത്. ഭാര്യയുടെ നഴ്സിങ് ഹോമിലേക്ക് വീൽചെയറുകൾ ആവശ്യമെന്ന് മനസിലാക്കിയതിനെത്തുടർന്നാണ് പണം സമാഹരിക്കുന്നതിനായി ഫ്രാങ്ക് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്.
ഫ്രാങ്കിന്റെ 81-കാരിയായ ഭാര്യ മാർഗരറ്റ് കഴിഞ്ഞ 18 മാസമായി നഴ്സിങ് ഹോമിൽ കഴിയുകയാണ്. മാർഗരറ്റിനെ വീൽചെയറിൽ കൊണ്ട് നടക്കേണ്ട സാഹചര്യം എത്തിയപ്പോഴാണ് ഫ്രാങ്കിന് വീൽചെയറിന്റെ പ്രശ്നം ശ്രദ്ധയിൽപെട്ടത്.
സാഹസികതയെപ്പറ്റി ചോദിച്ചപ്പോള്‍ ഫ്രാങ്കിന്റെ മറുപടി ഇപ്രകാരമായിരുന്നു; “എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞിരുന്നില്ല.ഞാൻ ബധിരനെപ്പോലെയായി” ഇനിയും സ്കൈഡൈവ് ചെയ്യുമോയെന്ന ചോദ്യത്തിന്റെ മറുപടി അതിലും രസകരമായിരുന്നു.” എന്റെ 95-ാം വയസിലും ഞാനിത് ചെയ്യുമായിരിക്കും,” ഫ്രാങ്ക് പറഞ്ഞു. സാഹസികതയുടെ ഒടുവിൽ ഫ്രാങ്ക് 2000 പൗണ്ട് സമാഹരിച്ചു.