വിമാനയാത്രകള്‍ എല്ലാവരുടേയും സ്വപ്നങ്ങളിലൊന്നാകും. ചിലര്‍ക്കത് ചെറുപ്രായത്തില്‍ തന്നെ സാധ്യമാകും, എന്നാല്‍ മറ്റ് ചിലര്‍ക്ക് അത് എത്ര എളുപ്പത്തില്‍ നടത്തിയെടുക്കാവുന്ന ഒന്നല്ല. ടിക്കറ്റിന്റെ വില തന്നെയാണ് വില്ലനാകുന്നത്. അതുകൊണ്ട് തന്നെ നമ്മളില്‍ പലരും ആ മോഹമങ്ങ് മാറ്റി വയ്ക്കാറാണ് പതിവ്.
പക്ഷെ തെലങ്കാന സ്വദേശിയായ മില്‍കുരി ഗംഗവ്വ തന്റെ 62-ാം വയസില്‍ വിമാനയാത്ര എന്ന ആഗ്രഹം സാധ്യമാക്കി. യൂട്യൂബറും നടിയുമൊക്കെയായ മില്‍കുരി 2020 തെലുങ്ക് ബിഗ് ബോസിലും പങ്കെടുത്തിട്ടുണ്ട്. തന്റെ ആദ്യ യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മില്‍കുരി.
യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെയുള്ള സംഭവങ്ങള്‍ വീഡിയോയില്‍ കാണാം. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് അല്‍പ്പം ആശങ്കയൊക്കെ മില്‍കുരിക്കുണ്ടായിരുന്നു. ടേക്ക് ഓഫിന്റെ സമയത്ത് ഭയപ്പെട്ടതായി മില്‍കുരി പറയുന്നു. സീറ്റ് ബെല്‍റ്റ് അഴിക്കാന്‍ വരെ താന്‍ ശ്രമിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
കട്ട തെലുങ്ക് ഭാഷയില്‍ മില്‍കുരി സംസാരിക്കുന്നത് പലര്‍ക്കും മനസിലാകുന്നില്ലെങ്കിലും വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 63 ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. ഭാഷയൊഴികെ മറ്റെല്ലാം മനസിലാകുന്നുണ്ടെന്നും വളരെയധികം ഇഷ്ടപ്പെട്ടെന്നുമാണ് നെറ്റിസണ്‍സ് വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.