കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇഷ്ട യൂട്യൂബർമാരിൽ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. എന്നും വ്യത്യസ്തമായ വിഭവങ്ങളുമായി സബ്സ്ക്രൈബേഴ്സിന് മുന്നിലെത്തുന്ന ഫിറോസിന്റെ ഏറ്റവും പുതിയ പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 300 കിലോ വരുന്ന പോത്തിനെ മന്തിയാക്കുന്നതാണ് പുതിയ വീഡിയോ.
ഒരാഴ്ചത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഫിറോസ് ഈ മന്തിയുണ്ടാക്കിയത്. ആദ്യം ഇതിനായി ആറര അടി താഴ്ചയിൽ കുഴിയെടുത്ത് അതിന്റെ വശങ്ങൾ ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയുണ്ടാക്കി. ഇതിൽ വച്ചാണ് പോത്തിനെ ചുട്ടെടുക്കുന്നത്.
ആദ്യം കുഴിയിൽ വിറക്ക് കത്തിച്ചു കനലുണ്ടാക്കി അതിലേക്ക് രണ്ട് ചെമ്പിൽ വെള്ളമിറക്കി അതിനു മുകളിൽ കമ്പിയുടെ നെറ്റ് വച്ച് അതിനു മുകളിലാണ് 300 കിലോവരുന്ന പോത്തിനെ വയ്ക്കുന്നത്. അതിനു ശേഷം മുകളിൽ ചാക്കിട്ട് സിമന്റ് സ്ളാബ് കൊണ്ട് മൂടി ആവി പുറത്തുകടക്കാത്ത വിധത്തിൽ അടച്ച് ആറ് മണിക്കൂർ വച്ചാണ് പോത്തിനെ തയ്യാറാക്കുന്നത്. അതോടൊപ്പം മന്തി റൈസും തയ്യാറാക്കി എടുക്കുന്നുണ്ട്.
ആറ് മണിക്കൂറിന് ശേഷം സ്ളാബ് മാറ്റി. വെന്ത് പരുവമായ പോത്തിനെ പുറത്തെടുത്ത് മന്തി റൈസിനു മുകളിലേക്ക് ഓരോ പീസ് പീസായി മാസവും എല്ലൊക്കെ അടർത്തിയെടുത്ത മന്തി റൈസിന് മുകളിൽ വച്ച് സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് കഴിക്കുന്നതും വീഡിയോയിൽ കാണാം.
നിരവധി പേരാണ് ഇതിനോടകം വീഡിയോ യൂട്യൂബിൽ കണ്ടത്. ഫെയ്സ്ബുക്കിൽ ഉൾപ്പെടെ ചർച്ചയാവുകയാണ് ഫിറോസിന്റെ പുതിയ വീഡിയോ. ഒരാഴ്ചയോളം തയ്യാറെടുപ്പ് നടത്തി മന്തി ഉണ്ടാക്കിയതിന് ഒരുപാട് പേർ അഭിനന്ദിക്കുന്നുമുണ്ട്. എന്തായാലും ഫിറോസിന്റെ പുതിയ പരീക്ഷണം ഭക്ഷണപ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു.
Also Read: ‘മമ്മൂട്ടി അങ്കിൾ എന്നെ വന്നൊന്ന് കാണുവോ’, ആശുപത്രിയിൽനിന്ന് കുഞ്ഞാരാധിക; അരികിലെത്തി താരം