ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ എക്കാലത്തേയും വലിയ ദുരന്തത്തിന്റെ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തായത്. ഉത്തർപ്രദേശ് സർക്കാരിന് കീഴിലെ ഗോരഖ്പൂർ ബാബ രാഘവ് ദാസ് ആശുപത്രിയിൽ അഞ്ച് ദിവസത്തിനിടെ 60 ലേറെ കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നെങ്കിലും രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുണ്ടെന്ന് അവകാശപ്പെടുന്ന ടൈംസ് നൗവിന് ഇത് കേവലമൊരു സംഭവം മാത്രം.

പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസം ഓക്സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും ചാനല്‍ ചര്‍ച്ചയ്ക്കെടുത്തത് മറ്റൊരു വിഷയം. സ്വാതന്ത്യ ദിനവുമായി ബന്ധപ്പെട്ട് യുപിയിലെ മദ്രസകളിൽ സ്വതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ പകർത്തി അയച്ചു തരണമെന്ന യോഗിയുടെ ഉത്തരവിനെ കുറിച്ചായിരുന്നു ചര്‍ച്ച. ‘എന്ത്കൊണ്ട് മദ്രസകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചുകൂട’ എന്ന് സ്ഥാപിക്കാനായിരുന്നു അവതാരകയായ നാവിക കുമാറിന്റെ ലക്ഷ്യം.

ഇതിനിടെ യുപിയിലെ കൊടും ക്രൂരസംഭവം ചൂണ്ടിക്കാട്ടിയ പാനലിസ്റ്റിനോട് ‘യഥാര്‍ത്ഥ പ്രശ്നം അതല്ല’ എന്നും വന്ദേമാതരം ആണ് ചര്‍ച്ചാവിഷയം എന്നും നാവിക കുമാര്‍ പറഞ്ഞു. വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് കുട്ടികള്‍ മരിച്ച സംഭവം കൊണ്ടുവരുന്നതെന്നും അവതാരക പറഞ്ഞു. നാവികയുടെ ഈ നിലപാടിനെതിരെ സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ജനങ്ങളും ഒന്നടങ്കം രംഗത്തെത്തി. ‘ചാനലിനെ ദൈവം രക്ഷിക്കട്ടെ’ എന്നാണ് പ്രമുഖ മാധ്യപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് എന്തിന് ആ കുട്ടികള്‍ മരിച്ചു എന്ന് പറഞ്ഞ് രക്ഷിതാക്കളെ വഴക്ക് പറയാനും അവതാരക തയ്യാറാകുമെന്നും വിമര്‍ശനം ഉയര്‍ന്നും. സംഭവത്തില്‍ ചാനലിനെതിരെയും അവതാരകയ്ക്ക് എതിരെയും വ്യാപകമായ രീതിയിലാണ് വിമര്‍ശനം ഉയരുന്നത്.

ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആഗസ്ത് ഏഴ് മുതൽ വിവിധ വാർഡുകളിലായി 60 ലേറെ കുട്ടികൾ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആഗസ് 7 ന് ഒൻപത് പേരാണ് മരിച്ചത്. ഇതിൽ നാല് കുട്ടികൾ നവജാത ശിശുക്കളായിരുന്നു. രണ്ട് പേർ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രവും(എഇഎസ്) മൂന്ന് പേർ നോൺ എഇഎസും റിപ്പോർട്ട് ചെയ്തു.ആഗസ്ത് എട്ടിന് മരണ സംഖ്യ 12 ആയി ഉയർന്നു. ഏഴ് നവജാത ശിശുക്കളുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3 കുട്ടികൾക്ക് എഇഎസ് ബാധയും 2 കുട്ടികൾക്ക് നോൺ എഇഎസ് ബാധയും കണ്ടെത്തി.

ആഗസ്ത് 9 ന് ഒൻപത് കുട്ടികളും ആഗസ്ത് 10 ന് 23 കുട്ടികളും മരിച്ചു. ആഗസ്ത് 11 ന് 7 കുട്ടികളാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇതുവരെ മൂന്ന് കുട്ടികൾ കൂടി മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണ സംഖ്യ 63 ആയി ഉയർന്നു. എന്നാല്‍ സംഭവത്തെ തൃണവത്കരിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് നീക്കം നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook