scorecardresearch

അഞ്ച് മാസം, 52 രാജ്യങ്ങളിലൂടെ ആകാശ യാത്ര; റെക്കോര്‍ഡ് നേട്ടത്തിലെത്തി പതിനേഴുകാരന്‍

10 മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിച്ചാണ് റഥര്‍ഫോര്‍ഡ് ബെറിംഗ് കടലിടുക്കിന് സമീപമുള്ള അഗ്‌നിപര്‍വ്വത ദ്വീപില്‍ ഇറങ്ങിയത്.

അഞ്ച് മാസം, 52 രാജ്യങ്ങളിലൂടെ ആകാശ യാത്ര; റെക്കോര്‍ഡ് നേട്ടത്തിലെത്തി പതിനേഴുകാരന്‍

രണ്ട് ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത ബെല്‍ജിയത്തിന്റെ മാക്ക് റഥര്‍ഫോര്‍ഡിന് കൈയടിക്കുകയാണ് ലോകം. ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടമാണ് റഥര്‍ഫോര്‍ഡ് സ്വന്തമാക്കിയത്. 52 രാജ്യങ്ങളിലൂടെയുള്ള അഞ്ച് മാസത്തെ യാത്രയ്ക്ക് ശേഷം 17 കാരനായ റഥര്‍ഫോര്‍ഡ് ബുധനാഴ്ച ബള്‍ഗേറിയയിലെ സോഫിയയില്‍ വന്നിറങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് പറയുന്നു.

തന്റെ നേട്ടം റഥര്‍ഫോര്‍ഡ് സോഷ്യല്‍ മീഡിയ പേജിലും കുറിച്ചിട്ടുണ്ട്. താന്‍ രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകര്‍ തകര്‍ത്തയായാണ് പോസ്റ്റ് പറയുന്നത്. ഒറ്റയ്ക്ക് ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, അള്‍ട്രാ ലൈറ്റ് വിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നീ റെക്കോര്‍ഡുകളാണ് അവ.

‘ലോകം ചുറ്റിയുള്ള എന്റെ അഞ്ച് മാസത്തെ യാത്ര പൂര്‍ത്തിയാക്കിയതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്, ഞാന്‍ സുരക്ഷിതമായും വിജയകരമായി ഇവിടെ തിരിച്ചെത്തി. വിചാരിച്ചതിലും അല്‍പ്പം കൂടുതല്‍ സമയമെടുത്തെങ്കിലും ലാന്‍ഡിംഗ് പൂര്‍ണമായി. ഈ യാത്രയിലൂടെ യുവാക്കളില്‍ ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കാണിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. പ്രത്യേകിച്ച് 18 വയസ്സിന് താഴെയുള്ളവര്‍, നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരുക, അത് ഒടുവില്‍ യാഥാര്‍ത്ഥ്യമാകും, കഠിനാധ്വാനം ചെയ്യുക, കഠിനാധ്വാനം ചെയ്യുക, നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരാം, റഥര്‍ഫോര്‍ഡ് വീഡിയോയില്‍ പറഞ്ഞു.

സിബിഎസ് റിപോര്‍ട്ട് പറയുന്നതനുസരിച്ച് റഥര്‍ഫോര്‍ഡ് ആഫ്രിക്കയിലൂടെയും ഗള്‍ഫ് മേഖലയിലൂടെയും ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലേക്കും വടക്കന്‍ പസഫിക്കിലേക്കും സഞ്ചരിച്ചു. 10 മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിച്ചാണ് റഥര്‍ഫോര്‍ഡ് ബെറിംഗ് കടലിടുക്കിന് സമീപമുള്ള അഗ്‌നിപര്‍വ്വത ദ്വീപില്‍ ഇറങ്ങിയത്. പിന്നീട്, അദ്ദേഹം അമേരിക്കയിലെ അലാസ്‌കയിലേക്കും മെക്‌സിക്കോയിലേക്കും കാനഡയിലേക്കും യൂറോപ്പിലേക്കും സഞ്ചരിച്ചു. സുഡാനിലെ മണല്‍ക്കാറ്റ്, ദുബായിലെ കൊടും ചൂട്, ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ അടച്ചിടല്‍, മണ്‍സൂണ്‍ മഴ, സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ അദ്ദേഹം യാത്രയില്‍ നേരിട്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം മാര്‍ച്ച് 23 ന് യാത്ര ആരംഭിച്ച റഥര്‍ഫോര്‍ഡ് രണ്ട് തവണ ഭൂമധ്യരേഖ കടന്നു. ബ്രിട്ടീഷ് കുടുംബത്തില്‍ ജനിച്ചെങ്കിലും ബെല്‍ജിയത്തില്‍ വളര്‍ന്ന റഥര്‍ഫോര്‍ഡ് 2020-ലാണ് പൈലറ്റ് ലൈസന്‍സിന് യോഗ്യത നേടിയത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: 17 year old pilot becomes youngest person to fly solo around the world

Best of Express