മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വൽത്ത്മാൻ’ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. കാടിനു നടുവിലെ റിസോർട്ടിൽ ഒരു പറ്റം സുഹൃത്തുക്കൾ ഒത്തുചേരുന്നതും ആ രാത്രി അവരിലൊരാൾ കൊല്ലപ്പെടുന്നതും അതിന്റെ പിന്നിലെ നിഗൂഢത ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിച്ചത്തു കൊണ്ടുവരുന്നതുമാണ് ‘ട്വൽത്ത്മാന്റെ’ കഥ. ഒരു മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ട്വൽത്ത്മാൻ വാർത്തകളിൽ നിറയുന്നതിനൊപ്പം തന്നെ, ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യൽ മീഡിയയിൽ ചിരിക്കോള് ഒരുക്കുകയാണ്. കോളേജ് കാലത്തിനിപ്പുറവും തുടരുന്ന 11 സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതേസമയം, സൗഹൃദത്തിനിടയിലെ ചതിയും കള്ളത്തരങ്ങളുമൊക്കെ ട്വൽത്ത്മാൻ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
സൗഹൃദത്തിനകത്തെ കാപട്യങ്ങളെ പരിഹസിച്ചുകൊണ്ടുള്ള നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ‘ഇതിലും ഒത്തൊരുമുള്ള ഉള്ള ഫ്രണ്ട്സിനെ വേറെ എവിടെയും കാണാൻ പറ്റില്ല’, ‘ഇതുപോലുള്ള ഫ്രണ്ട്സിനെ മറ്റാർക്കും കിട്ടാതിരിക്കട്ടെ’, ‘ഇങ്ങനത്തെ ട്രൂ ഫ്രണ്ട്സിനെ കിട്ടാൻ പുണ്യം ചെയ്യണം’ എന്നിങ്ങനെ പോവുന്നു ട്രോളുകൾ.


അതേസമയം, ചിത്രത്തിന്റെ കഥ തന്നെ മാറ്റുന്ന നിർണായക ഫോൺകോളിന്റെ രൂപത്തിൽ എത്തിയ അജു വർഗീസിനെയും ട്രോളന്മാർ വെറുതെ വിടുന്നില്ല.



“എന്നെ കൊണ്ട് ഇത്രേ ഓക്കേ പറ്റൂ,” എന്ന സെൽഫ് ട്രോളുമായി അജു വർഗീസും ഫേസ്ബുക്കിലൊരു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഒരുപാട് കുടുംബങ്ങളെ വഴിയാധാരമാക്കിയപ്പോ സമാധാനമായില്ലേ?, നിനക്കിനിയും മതിയായില്ല ല്ലേ?, കുടുംബം കലക്കി, എന്ത് ദുഷ്ടനാടോ താൻ?, ഒരൊറ്റ ഫോൺ കോൾ കൊണ്ട് അഞ്ചു കുടുംബങ്ങൾ കലക്കാൻ പറ്റുവോ സക്കീർ ഭായ്ക്ക്, ബട്ട് ഐ കാൻ എന്നിങ്ങനെ പോവുന്നു അജുവിന്റെ പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ.
Read more: 12th Man Movie Review & Rating: വൃത്തിയായെടുത്ത ഒരു ത്രില്ലർ; ‘ട്വൽത്ത് മാൻ’ റിവ്യൂ