പാട്ടുപാടി സോഷ്യൽ മീഡിയയെ ഞെട്ടിക്കുകയാണ് ജിയ ഹരികുമാർ എന്ന ആറാം ക്ലാസുകാരി. ഇന്ത്യന്‍ സംഗീതത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമായൊരു രാഗമാലികയിലുള്ള, ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ‘ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം,’ എന്നു തുടങ്ങുന്ന ഗാനമാണ് അനായാസമായി ജിയ പാടുന്നത്.
അസാധ്യമായ ആലാപന ശൈലിയിൽ യേശുദാസ് പാടിയ ഗാനത്തിനെ അതിന്റെ എല്ലാ ഭാവങ്ങളും ഉൾകൊണ്ടാണ് ജിയ പാടി വയ്ക്കുന്നത്. പൊതുവെ പ്രതിഭാധനരായ പാട്ടുകാർ പോലും പാടാൻ ഭയപ്പെടുന്ന ഗാനങ്ങളിൽ ഒന്നുകൂടിയാണ് ‘ദേവസഭാതലം’.
കൈതപ്രം എഴുതി രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയ ‘ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം’ എന്ന ഗാനം സിനിമയിൽ രണ്ടു സംഗീത ശിരോമണികൾ തമ്മിലുള്ള മൽസരത്തിന്റെ പശ്ചാത്തലത്തിലാണ് വരുന്നത്. അത്തരമൊരു രംഗത്ത് വരുന്ന ഗാനമായതിനാൽ തന്നെ, പാടാൻ ഏറെ ബുദ്ധിമുട്ടേറിയ ഗാനങ്ങളിൽ ഒന്നു കൂടിയാണ് ഇത്. 10 മിനിറ്റിനുള്ളിൽ 10 രാഗങ്ങളാണ് ഈ പാട്ടിൽ വരുന്നത്. ഹിന്ദോളം, തോഡി, പന്തുവരാളി, ആഭോഗി, മോഹനം, ശങ്കരാഭരണം, ഷണ്മുഖപ്രിയ, കല്യാണി, ചക്രവാകം, രേവതി എന്നിവയാണ് ഈ ഗാനത്തിലെ രാഗങ്ങൾ.
ഐടി വിദഗ്ധനും സംഗീതപ്രിയനുമായ അച്ഛൻ ഹരികുമാറാണ് ജിയയുടെ ഗുരു. കുറച്ചു മാസങ്ങളായി ഐഡിയ സ്റ്റാർ താരമായ മാളവിക അനിൽ കുമാറിന്റെ കീഴിൽ സ്കൈപ്പ് വഴിയും ജിയ സംഗീതം അഭ്യസിക്കുന്നുണ്ട്.
Read more: അനിയന്റെ കല്യാണത്തിന് ചേച്ചി തിളങ്ങാതെ പറ്റില്ലല്ലോ; ചിത്രങ്ങൾ പങ്കുവച്ച് നവ്യ നായർ