സോഷ്യല്‍ മീഡിയ ന്യൂജനറേഷന്‍ ചുളളന്‍ പിള്ളേര്‍ക്ക് മാത്രം പറഞ്ഞിട്ടുളളതാണെന്ന ധാരണയൊക്കെ പൊളിച്ചടുക്കിയ ആന്ധ്രാക്കാരി മസ്താനമ്മ. അന്തരിച്ചു. 107 വയസായിരുന്നു. സ്വന്തം പാചകവിധികള്‍ യുട്യൂബിലവതരിപ്പിച്ചാണ് മസ്താനമ്മ താരമായത്.

പാചകം ഹരമായ മസ്താനമ്മ കണ്‍ട്രി ഫുഡ്‌സ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് തന്റെ പ്രിയരുചികള്‍ ലോകത്തിനു മുന്നിലേക്കെത്തിച്ചത്. കൊച്ചുമകന്‍ ലക്ഷ്മണും സുഹൃത്ത് ശ്രീനാഥ് റെഡ്ഢിയും ചേര്‍ന്നാണ് ചാനല്‍ തുടങ്ങിയത്.

മുട്ടദോശ, ഫിഷ് ഫ്രൈ, ബാംബൂ ചിക്കന്‍ ഇങ്ങനെ മസ്താനമ്മ അവതരിപ്പിക്കുന്ന വിഭവങ്ങളുടെ എണ്ണം നീളും. തനതു പ്രാദേശിക വിഭവങ്ങളുമുണ്ട് ഈ പട്ടികയില്‍. ഏകദേശം 12 ലക്ഷം പ്രേക്ഷകരുണ്ട് കണ്‍ട്രി ഫുഡ്‌സിന്.
ആന്ധ്രപ്രദേശിലെ കൃഷ്ണ സ്വദേശിയാണ് മസ്താനമ്മ. 11ാം വയസില്‍ വിവാഹിതയായി 22-ാമത്തെ വയസ്സില്‍ വിധവയായ മസ്താനമ്മ അന്നു മുതല്‍ ഇന്നുവരെ സ്വന്തമായി അധ്വാനിച്ചാണ് ജീവിച്ചത്. 5 കുട്ടികളുണ്ടായിരുന്ന ഇവരുടെ നാല് കുട്ടികള്‍ കോളറ ബാധിച്ച് മരിച്ചിരുന്നു.

സാധാരണ പാചകപരിപാടികളുടെ രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്വാഭാവിക പശ്ചാത്തലത്തില്‍ നിന്നാണ് മസ്തനാമ്മയുടെ പാചകം. നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, ചില വെറൈറ്റികളും മസ്തനാമ്മ പരീക്ഷിക്കാറുണ്ട്.ഇതിന് ഉദാഹരണമാണ് ബാംബു ചിക്കന്‍ ബിരിയാണിയും വാട്ടര്‍ മെലണ്‍ ചിക്കനുമൊക്കെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook