ന്യൂഡൽഹി: നൂറാം വയസിൽ 25-ാം ജന്മദിനം എന്ന് കേൾക്കുമ്പോൾ പലർക്കും സംശയം തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. ഡോറിസ് ക്ലീഫ് എന്ന മുത്തശ്ശിയാണ് ഈ അപൂർവ്വ ആഘോഷത്തിലെ താരം. 1920 ഫെബ്രുവരി 29നാണ് ഡോറിസ് മുത്തശ്ശിയുടെ ജനനം. 2020ൽ പ്രായം 100 ആയി. എന്നാൽ ഇത് മുത്തശ്ശിയുടെ 25-ാം ജന്മദിന ആഘോഷം മാത്രമാണ്.
ഇംഗ്ലണ്ടിലെ പോർട്ട്സ്മൗത്തിൽ ബ്രൂണൽ കോർട്ടിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ആസ്വദിക്കുകയാണ് ഡോറിസ്. സമാനപ്രായക്കാരായ തന്റെ കൂട്ടുകാർക്കൊപ്പം ഇവിടെതന്നെയായിരുന്നു ഈ അപൂർവ പിറന്നാൾ ആഘോഷവും. കേക്ക് മുറിച്ചും അലങ്കാരങ്ങളൊരുക്കിയും ആഘോഷം ഏറ്റവും വർണഭമാക്കാൻ മുത്തശി ഇപ്പോൾ താമസിക്കുന്ന വൃദ്ധസദനത്തിലെ സഹവാസികളും തൊഴിലാളികളും.
“പ്രശസ്തയാകാൻ എന്റെ ജീവിതകാലം മുഴുവൻ ഞാൻ കാത്തിരുന്നു. ഇപ്പോൾ അത് ഇങ്ങനെ സംഭവിക്കുന്നു. 100 വയസ് തികയുന്നത് എനിക്ക് തികച്ചും ദാർശിനികമായി തോന്നുന്നു. പക്ഷേ എന്റെ പുതിയ സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ബിബിസിയോട് സംസാരിക്കുന്നതിനിടയിൽ ഡോറിസ് മുത്തശി പറഞ്ഞു.
കഴിഞ്ഞ വർഷം മെയ് 21നാണ് ഡോറിസ് ഇപ്പോൾ താമസിക്കുന്നടുത്ത് എത്തുന്നത്. 40 വർഷക്കാലം മകളുടെയും മരുമകന്റെയുമൊപ്പം ജീവിച്ച ഡോറിസ് മകളുടെ മരണ ശേഷമാണ് ഇവിടേയ്ക്ക് എത്തിയതെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 1979ലാണ് ഡോറിസിന്റെ ഭർത്താവ് സാം മരിക്കുന്നത്.