മനാമ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് യൂത്ത് ഇന്ത്യ ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ‘യൂത്ത് ഇന്ത്യ മെയ് ഫെസ്റ്റ് 2017’ന്റെ ഒരുക്കം പുരോഗമിക്കുന്നു. അസ്‌ക്കറിലെ ലേബര്‍ ക്യാമ്പില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടു വരെയാണ് പരിപാടി. ‘തൊഴിലാളികളുടെ കൂടെ ഒരുദിനം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുന്‍വര്‍ഷങ്ങളില്‍ വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ വ്യതസ്ഥത ഉള്‍ചേര്‍ത്ത് ലേബര്‍ ക്യാമ്പില്‍ ‘ലോക തൊഴിലാളി ദിനം’ ആഘോഷിക്കാനാണ് ഉദ്ദേശ്യമെന്നുും അവര്‍ പറഞ്ഞു. ആയിരത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളിലുള്ള കൊളാഷും വിഡിയോ പ്രദര്‍ശനവും നടക്കും. ആരോഗ്യ ക്ലാസ്സുകള്‍ക്ക് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ ഫിസിഷ്യനും ഐഎംഎ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ ഡോ. ബാബു രാമചന്ദ്രന്‍ നേതൃത്വം നല്‍ക്കും.

വടംവലി മത്സരം, പെനാല്‍റ്റി ഷൂട്ട് ഔട്ട്, ക്രിക്കറ്റ് ബോളിംഗ് എന്നിങ്ങനെയുള്ള കായിക മത്സരങ്ങളും ലേബര്‍ ക്യാമ്പിലെ തൊഴിലാളികളുമായി കലാപരിപാടികളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ് വി, യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ.ഫാജിസ്, പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ സിറാജ് കിഴുപ്പിള്ളിക്കര, ജനറല്‍ സെക്രട്ടറി വി.കെ.അനീസ്, വൈസ് പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് രാജ്, വി.എന്‍.മുര്‍ഷാദ്, അബ്ദുല്‍ അഹദ്, സജീബ് കെ, ഫ്രന്റ്‌സ് ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കടെുത്തു. വിവരങ്ങള്‍ക്ക് 35598694, 35538451.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook