മനാമ: ലോക തൊഴിലാളി ദിനത്തില്‍ ലേബര്‍ ക്യാംപ് തൊഴിലാളികള്‍ക്കായി യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ ‘മെയ് ഫെസ്റ്റ് 2017’ സംഘടിപ്പിച്ചു. അസ്‌ക്കറിലെ പനോരമ ലേബര്‍ ക്യാംപിൽ ‘തൊഴിലാളികളോടൊപ്പം ഒരു ദിനം’ എന്ന ആശയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെഡിക്കല്‍ ക്യാംപ്, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്, മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍, കലകായിക മത്സരങ്ങള്‍ തുടങ്ങിയവ നടന്നു.

അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ എന്നിവരുമായി സഹകരിച്ച് നടന്ന മെഡിക്കല്‍ ക്യാംപ് അനേകം തൊഴിലാളികള്‍ ഉപയോഗപ്പെടുത്തി. മദ്യപാനം, പുകവലി, ലഹരി ഉപയോഗം, ആരോഗ്യ പ്രശ്‌നങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ആരോഗ്യ ക്ലാസിന് ഐഎംഎ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ബാബു രാമചന്ദ്രന്‍ നേതൃത്വം നല്‍കി.

8 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ വടംവലി മത്സരത്തില്‍ ഫൈനലില്‍ ടീം ധോണിയെ പരാജയപ്പെടുത്തി ടൈഗര്‍ പി.കെ ജേതാക്കളായി. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ യഥാക്രമം അബ്ദുല്‍ സമദ്, അലാം, മുഹ്‌സിന്‍ എന്നിവരും ക്രിക്കറ്റ് ബോളിംഗില്‍ നൂര്‍, സുഹൈബ്, അബ്ദുല്‍ സമദ് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വൈകിട്ട് നടന്ന പരിപാടി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കസംബന്ധിച്ചു.

കായിക മത്സരങ്ങള്‍ വിനോദ് ജോണ്‍, രാജ്കുമാര്‍ റാണാ, ഫിറോസ് ഖാന്‍, സുഹൈബ് തിരൂര്‍, ജസീം നാജി, ഇജാസ്, ശുഹൈബ് പി.വി, ഷബീര്‍ കണ്ണൂര്‍ എന്നിവര്‍ നിയന്ത്രിച്ചു. ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് സലീം, യൂനുസ് രാജ്, മുര്‍ഷാദ്, അബ്ദുല്‍ അഹദ്, സജീബ്.കെ, മുഹമ്മദ് മുസ്തഫ, ഷഫീഖ് കൊപ്പത്ത്, അബ്ദുല്‍ റഹീം, ബിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബഹ്റൈൻ കേരളീയ സമാജം സമ്മര്‍ ക്യാംപ് കളിക്കളം 2017
മനാമ: കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ കേരളീയ സമാജം ജൂലൈ 2 മുതല്‍ ഓഗസ്റ്റ് 18 വരെ ഒന്നര മാസത്തോളം നീളുന്ന സമ്മര്‍ ക്യാംപ് നടത്തും. ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും വിഭിന്നമായി കളികളിലൂടെയും, വിനോദപരിപാടികളിലൂടെയും മറ്റും പുത്തന്‍ അറിവുകള്‍ പകരുക എന്നതാണ് ക്യാംപിന്റെ പ്രധാന ലക്ഷ്യം. കലയും സംഗീതവും അതോടൊപ്പം കേരള സംസ്‌കാരവും ചരിത്രവും പൈതൃകവും എല്ലാം ഇതിലൂടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും.

വിവിധ തരം ക്ലാസുകള്‍, കുട്ടികള്‍ സ്വന്തമായി ചെയ്യുന്ന പ്രോജക്ടുകള്‍ സംഘ കളികള്‍, നാടന്‍ പാട്ടുകള്‍, സ്വയം ഗവേഷണ പ്രോജക്റ്റുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ക്യാംപിൽ കൈകാര്യം ചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ 250 ല്‍ പരം കുട്ടികള്‍ ആണ് ക്യാംപിൽ പങ്കെടുത്തിരുന്നത് ഒട്ടേറെ പ്രമുഖര്‍ ആണ് മുൻകാല ക്യാംപുകള്‍ക്ക് നേതൃത്വം കൊടുത്തത്. ഈ വര്‍ഷത്തെ ക്യാംപിന് ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറും ചിത്രകാരനും നാടക പ്രവര്‍ത്തകനുമായ ചിക്കൂസ് ശിവനും ഭാര്യ രാജി ശിവനും നേതൃത്വം നല്‍കും. ഇവര്‍ക്കൊപ്പം സമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളം വനിതകളും ക്യാംപിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരിക്കും.

5 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ക്യാംപിൽ പ്രവേശനം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂണ്‍ 28ന് മുന്‍പ് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേര്‍ റജിസ്റ്റര്‍ ചെയ്യണം. ക്യാംപിൽ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ക്യാംപ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഉണ്ടാകും. മനോഹരന്‍ പാവറട്ടി കോര്‍ഡിനേറ്ററായ വിപുലമായ കമ്മിറ്റി നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു. റജിസ്‌ട്രേഷനും മറ്റു കാര്യങ്ങള്‍ക്കും സമാജം ഓഫിസുമായോ 39848091 നമ്പറിലോ ബന്ധപ്പെടണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ