മനാമ: ‘ജലം നിർണിതമാണ്”എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ ജല ബോധവല്‍ക്കരണ മാസം ആചരിച്ചു. ജലക്ഷാമം, ശുദ്ധജലം, വരള്‍ച്ച, മഴ തുടങ്ങി ജലം ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാംപയിന്‍ നടത്തിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്യാംപയിന്‍ പ്രചരണാര്‍ത്ഥം സാമൂഹ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം, സര്‍ക്കിള്‍ മീറ്റുകള്‍, പഠന ക്ലാസുകള്‍, നീന്തല്‍ പരിശീലനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

മനാമ, റിഫ സര്‍ക്കിളുകള്‍ ചേര്‍ന്ന് യൂത്ത് മീറ്റ് നടത്തി. പ്രസിഡന്റ് ടി.കെ.ഫജിസ് ക്ലാസ്സ് എടുത്തു. ജലം നിർണിതമായതിനാല്‍ ഭാവിതലമുറയെ കൂടി പരിഗണിച്ചാവണം അതിന്റെ ഉപയോഗമെന്നും മുഴുവന്‍ ജീവജാലങ്ങള്‍ക്കുമായുള്ള ജലസ്രോതസ്സുകള്‍ മനുഷ്യന്‍ മാത്രമായി ദുരുപയോഗം ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി വി.കെ.അനീസ്, മനാമ സര്‍ക്കിള്‍ പ്രസിഡന്റ് ബിലാല്‍, സൈഫുദ്ദീന്‍ ബുദയ്യ, യൂനുസ് രാജ് എന്നിവര്‍ സംസാരിച്ചു. മുഹറഖില്‍ ‘ജല ചിന്തകള്‍; ജല ബോധവല്‍ക്കരണവും ആവിഷ്‌കാരങ്ങളും’എന്ന പേരില്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. വിഡിയോ ഫോട്ടോ പ്രദര്‍ശനം, സെല്‍ഫി കോര്‍ണര്‍, കവിത, നാടന്‍പാട്ട്, ജല സംരക്ഷണത്തിനായ് എനിക്ക് പറയാനുള്ളത്’ തുടങ്ങിയവ നടന്നു. ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് സലിം എന്നിവര്‍ സംസാരിച്ചു. വി.എം.ഷക്കീബ് അധ്യക്ഷനായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ