കുവൈത്ത് സിറ്റി: വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മലയാളിക്ക് യാത്രാ കുവൈത്ത് ചികിത്സാസഹായം നൽകി. തൃശൂർ പറപ്പൂക്കര സ്വദേശിയായ ജയേഷിന്, 2,36,741 രൂപയുടെ ധനസഹായം നൽകി. കുവൈത്ത് ഫഹാഹീൽ എക്സ്പ്രസ് ഹൈവേ 30-ാം നമ്പർ റോഡിൽ മെഹബൂളളയ്ക്ക് സമീപം നടന്ന വാഹന അപകടത്തെത്തുടർന്ന് ജയേഷിനെ അഡാ൯ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ ജയേഷിന്റെ ഒരു കാലിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടായിരുന്നു. തുടർന്ന് കാൽ നീക്കം ചെയ്യേണ്ടിവന്നു. രണ്ടു മാസക്കാലമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ജയേഷ് കുവൈത്തിൽ എത്തിയിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. കുവൈത്തിലെ ടാക്സി ഡ്രൈവർ കൂട്ടായ്മയായ യാത്രാ കുവൈത്തും യാത്രക്കാരും അഭ്യുദയകാംക്ഷികളുമായ പ്രവാസികൾ ചേർന്നു നടത്തിയ ധനസമാഹരണത്തിൽ ആകെ കിട്ടിയ തുകയായ 1112/500 കുവൈത്ത് ദിനാർ ജയേഷിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ അയച്ച രേഖകൾ കൈമാറി. യാത്രാ പ്രസിഡന്റ് മനോജ് മഠത്തിൽ, സ്ഥാപകൻ അനിൽ ആനാട്, ഇലക്ഷൻ ജനറൽ കൺവീനർ ബഷീർ കെ.കെ, സാൽമിയ പ്രസിഡന്റ് ഷെബീർ മൊയ്തീൻ, സാൽമിയ ട്രഷറർ രാജേഷ് എം.ആർ, ഫഹാഹീൽ സെക്രട്ടറി ജിസ്മോ൯ ചാക്കോ, അബ്ബാസിയ കൺവീനർ ജീസൺ എന്നിവർ നവംബർ 4 ശനിയാഴ്ച അഡാ൯ ആശുപത്രിയിൽ എത്തി ജയേഷിനെ കണ്ട് രേഖകൾ കൈമാറുകയായിരുന്നു. ഈ കാരുണ്യത്തിന് വേണ്ടി സഹായം നൽകിയ എല്ലാ അഭ്യുദയകാംക്ഷികൾക്കും ജയേഷ് ഹൃദയപൂർവ്വം നന്ദി പറഞ്ഞു. ജയേഷിന്റെ ഭാര്യയും, 3 വയസ്സായ കുഞ്ഞും നാട്ടിലാണ്.