ജിദ്ദ: സൗദി അറേബ്യയിലെ പ്രധാന വ്യവസായ നഗരങ്ങളിലൊന്നായ യാമ്പുവിന് മാർച്ച് മാസം പുഷ്പ മേളയുടെ കാലമാണ്. കഴിഞ്ഞ പതിനൊന്ന് വർഷമായി പടിഞ്ഞാറൻ സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തെ ഈ ചെറു നഗരത്തിൽ നടന്നു വരുന്ന ഈ വർണ്ണോത്സവത്തിലേക്ക് 350 കിലോ മീറ്റർ അകലെയുള്ള വൻ നഗരമായ ജിദ്ദയിൽ നിന്നും, മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമെല്ലാം, പ്രവാസികളും, സ്വദേശികളും അടക്കമുള്ളവരുടെ വൻ ഒഴുക്കാണ് ഉണ്ടാവാറുളളത്.

മൂന്നാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പതിനൊന്നാമത് പുഷ്പ മേളയുടെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ദിവസം യാമ്പൂ – ജുബൈൽ റോയൽ കമ്മീഷൻ ചെയർമാൻ സയീദ് ബിൻ തുനയ്യാൻ അൽ സഊദ് രാജകുമാരൻ നിർവഹിച്ചു. യാമ്പൂ റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. അലാ ബിൻ അബ്ദുള്ള നസീഫ്, എഞ്ചിനീയർ സ്വാലിഹ് അൽ സഹ്‌റാനി റോയൽ കമ്മീഷനിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയെ എണ്ണയിതര വരുമാനം ലഭ്യമാവുന്ന രീതിയിൽ സമൂലം ഉടച്ച് വാർക്കുന്ന ദേശീയ പരിവർത്തന പദ്ധതിയായ ” വിഷൻ 2030″ ന്റെ പ്രാധാന്യം സന്ദർശകർക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിൽ ഉള്ള കൂറ്റൻ പുഷ്പ പരവതാനിയാണ് ഈ വർഷത്തെ മേളയുടെ പ്രധാന ആകർഷണം. ജിദ്ദ-യാമ്പൂ ദേശീയ പാതയുടെ ഓരം ചേർന്ന് കിടക്കുന്ന അൽ മുനാസബാത്ത്‌ പാർക്കിലാണ് ഇപ്രാവശ്യവും പുഷ്പമേള ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നാല് മണി രാത്രി പത്ത് മണി വരെ തികച്ചും സൗജന്യമാണ് മേളയിലേക്കുള്ള പ്രവേശനം.

വിദേശ രാജ്യങ്ങളിൽ നിന്നടക്കമുള്ള നൂറ്റമ്പതോളം കമ്പനികൾ തങ്ങളുടെ പൂന്തോട്ട പരിപാലനത്തിനുള്ള വിവിധ ഉൽപ്പന്നങ്ങൾ, ആധുനിക ജലസേചന ഉപകരണങ്ങൾ, വിവിധയിനം വിത്തുകൾ, ചെടികൾ, രാസവളങ്ങൾ എന്നിവയുടെ പ്രദർശനവും, വിപണനവുമായി മേളയിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന ദിവസം തന്നെ വൻ ജനാവലിയാണ് മേള കാണാനെത്തിയത്. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ വൻ തിരക്കാണ് മുൻ വർഷങ്ങളിൽ അനുഭവപ്പെടാറുള്ളത്. മേള ഏപ്രിൽ ഏഴാം തീയതി വരെ നീണ്ടു നിൽക്കും.

2014ൽ യാമ്പൂ പുഷ്പമേളയിൽ തീർത്ത 10713 സ്‌ക്വയർ മീറ്ററിലുള്ള പുഷ്പ പരവതാനി അത് വരെയുണ്ടായിരുന്ന ചൈനക്കാരുടെ 7995 സ്‌ക്വയർ മീറ്റർ എന്ന ലോക റെക്കോർഡ് തിരുത്തി ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു.

വാർത്ത: നാസർ കാരകുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ