റിയാദ്: എം.എൻ.കാരശ്ശേരിയെ റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസോസിയേഷൻ ആദരിക്കുന്നു. അഞ്ച് പതിറ്റാണ്ടായി കേരളീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് എംഎൻ ചെലുത്തിയ ജനാധിപത്യ ഇടപെടലുകൾക്കുള്ള അംഗീകാരമായിട്ടാണ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുന്നത്.

സൗദി അറേബ്യയിലെ ആദ്യകാല മലയാള സംഘടനകളിൽ മുൻനിരയിലാണ് പതിനേഴ് വർഷമായി റിയാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിഫ. പ്രാദേശികത്വത്തിനും സങ്കുചിത രാഷ്ട്രീയ-മത ചിന്തകൾക്കും അതീതമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയായ റിഫ അതിന്റെ തുടക്കം മുതൽ തന്നെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഒരു പതിറ്റാണ്ടായി നടത്തി വരുന്ന വായനാമൽസരം, ഫിലിം ഫെസ്റ്റിവൽ, പരിസ്ഥിതി അവബോധനം, സെമിനാറുകൾ, ചർച്ചകൾ തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികൾ റിഫയുടെ സാമൂഹിക-സാംസ്കാരിക ഇടപെടലുകളുടെയും നിലപാടുകളുടേയും അടയാളപ്പെടുത്തലുകളാണ്.

സാഹിത്യ വിമർശനം, സാഹിത്യ വിവർത്തന-താരതമ്യ പഠനങ്ങൾ, ഐതിഹ്യങ്ങൾ, നാടോടി കഥകൾ, മലബാറിലെ മുസ്‌ലിം പഴങ്കഥകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പഠന കുറിപ്പുകളും കാരശ്ശേരിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മാപ്പിളപ്പാട്ടുകളെ ആസ്പദമാക്കി നടത്തിയ ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.
മാതൃഭൂമിയിൽ സഹപത്രാധിപരായും, കേരളത്തിലെ വിവിധ കോളേജുകളിൽ ഭാഷാ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം അലിഗഡ് യൂണിവേഴ്സിറ്റിയിൽ പേർഷ്യൻ ഭാഷയിൽ വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയുടെ സാമൂഹിക മണ്ഡലത്തിൽ കാരശ്ശേരി നിരന്തരം നടത്തിവരുന്ന സാംസ്കാരിക ഇടപെടലുകൾ തികച്ചും ശ്രദ്ധേയവും സ്തുത്യർഹവുമാണ്.

അൻപതിനായിരം രൂപയും ഫലകവും അടങ്ങുന്ന ഈ അവാർഡ്, റിഫ സംഘടിപ്പിക്കുന്ന ഒരു പൊതു ചടങ്ങിൽ, റിയാദിൽ വച്ച് എം.എൻ.കാരശ്ശേരി ഏറ്റുവാങ്ങും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി കെ.പി.ഹരികൃഷ്ണൻ (0530 149 400), പ്രസിഡന്റ് ജിമ്മി പോൾസൺ, പ്രോഗ്രാം കൺവീനർ നിബു മുണ്ടിയപ്പള്ളി (055 248 6169) എന്നിവരുമായി ബന്ധപ്പെടുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ