Latest News

ഭീഷണികള്‍കൊണ്ട് എഴുത്തിന്റെ ശക്തിയെ തടയാനാകില്ല: മുകുന്ദന്‍

ആഗോളവത്കരണം പോലുള്ള ഭീമാകാരമായ ഇടപെടലുകളെ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ പ്രതിരോധിക്കുന്നത് ചെറിയ കൂട്ടായ്മകളാണ്

m mukundan

മനാമ: ഭീഷണികള്‍കൊണ്ട് എഴുത്തിന്റെ ശക്തിയെ തടയാം എന്ന് ആരും കരുതരുതെന്നു സാഹിത്യകാരന്‍ എം.മുകുന്ദന്‍. പേന പേപ്പറിലൂടെ ഉരഞ്ഞ് നീങ്ങുന്ന സുഖകരമായ ശബ്ദത്തില്‍ മുഴുകിയാണ് എഴുത്തുകാരന്‍ എഴുതുന്നത്. ആ കൈ തടസ്സപ്പെടുത്തുന്ന ഇടപെടലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ അര നൂറ്റാണ്ട് പിന്നിടുന്ന കഥയിലെ മുകുന്ദ കാലം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയെ ഒരു വെടിയുണ്ട കൊണ്ട് അവസാനിപ്പിക്കാനായി. എന്നാല്‍ ലോര്‍ക്കയെന്ന വിശ്വകവിയെ നാസികള്‍ സ്വന്തം ശവകുഴി തോണ്ടിപ്പിച്ച ശേഷം അതിലേയ്ക്ക് വെടിവെച്ചിട്ട് മൂടുകയായിരുന്നു. പക്ഷേ കവികളുടെ കുലം അവിടെ അവസാനിച്ചില്ല. ആയിരക്കണക്കിന് സ്വതന്ത്ര ദാഹികളായ എഴുത്തുകാര്‍ ജനിച്ചു കൊണ്ടേയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഴുത്ത് എന്നത് വലിയ അധ്വാനം ആവശ്യമുള്ള കാര്യമാണ്. അതിന്റെ ഘടന, ആര്‍കിടെക്‌ച്ചർ  ഇങ്ങനെ പലതും മനസ്സുകൊണ്ട് അധ്വാനിച്ചു ചെയ്യേണ്ട വിഷയങ്ങളാണ്. എഴുത്തു അല്ലെങ്കില്‍ ഒരു രചന ഉണ്ടായി വരുന്നത് സങ്കീർണമായ പ്രക്രിയയിലൂടെയാണ്.

ഈ കാലഘട്ടത്തില്‍ ചെറുതുകളുടെ പ്രതികരണം ശ്രദ്ധേയമാണ്. ആഗോളവത്കരണം പോലുള്ള ഭീമാകാരമായ ഇടപെടലുകളെ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ പ്രതിരോധിക്കുന്നത് ചെറിയ കൂട്ടായ്മകളാണ്. ആഗോള ഭക്ഷ്യ ശൃംഖല പോലും പ്രാദേശിക വിപണിയിലേക്ക് കടന്നു വരുമ്പോള്‍ അവര്‍ക്കു ചെറുതിന്റെ രീതികളിലേക്ക് അവരുടെ രുചി ദേങ്ങളെപ്പോലും മാറ്റേണ്ടിവരുന്നു. സാഹിത്യത്തിലും ചെറിയ മനുഷ്യരുടെ ജീവിതങ്ങളും അതിന്റെ ആഴങ്ങളുമാണ് ഇന്ന് ശ്രദ്ധിക്കുന്നത്. അങ്ങനെ ചെറിയതിന്റെ തിരിച്ചുവരവുകളുടെ കാലമാണിപ്പോള്‍. അന്താരാഷ്ട്ര തലത്തില്‍ എടുത്തു നോക്കിയാല്‍ അമേരിക്കയ്‌ക്കെതിരെ പോലും കൊറിയ എന്ന രാജ്യത്തിന് ആയുധമെടുക്കാനുള്ള ധൈര്യം ഉണ്ടായ കാര്യവും അദ്ദേഹം ഉദാഹരണം പറഞ്ഞു.

കഥകളിലും കവിതകളിലും സജീവമായ പുതിയ തലമുറ വളര്‍ന്നു വരുന്നുണ്ടെന്നും അവരില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. തുടര്‍ന്ന്, സമകാലിക സമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന മുകുന്ദന്റെ ആദ്യം മുതല്‍ക്കുള്ള കഥകളെയും നോവലുകളെയും കുറിച്ചു അദ്ദേഹം സംസാരിച്ചു.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഹരിദ്വാറില്‍ മണി മുഴങ്ങുന്നു, ഡല്‍ഹി, കേശവന്റെ വിലാപങ്ങള്‍, കുട നന്നാക്കുന്ന ചോയി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങി അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും കഥാപാത്രങ്ങളെപ്പറ്റിയും സദസ് ചോദിച്ച സംശയങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി നല്‍കി. സുധീഷ് രാഘവന്‍, രാജു ഇരിങ്ങല്‍, അനഘാ രാജീവ്, രഞ്ജന്‍ ജോസഫ്, സ്വപ്നാ വിനോദ്, എസ്.വി.ബഷീര്‍, ജോർജ് വര്‍ഗീസ്, നിമ്മി ജോസഫ് തുടങ്ങി നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. അനില്‍ വേങ്കോട്, ജയചന്ദ്രന്‍ തുടങ്ങിയവര്‍ മോഡറേറ്റര്‍മാരായി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Writer m mukundan in bahrain

Next Story
ദാവൂദിനൊപ്പം ദുബായില്‍ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്ന് ഋഷി കപൂര്‍dawood ibrahim, rishi kapoor, dubai
The moderation of comments is automated and not cleared manually by malayalam.indianexpress.com