ജിദ്ദ: ടെലിവിഷനിൽ മാത്രം കണ്ടു പരിചയമുള്ള ലോക റെസ്‌ലിങ് രംഗത്തെ അതികായരുടെ പോരാട്ടങ്ങൾ ഇനി സൗദിയിലും. വെള്ളിയാഴ്ച നടക്കുന്ന ഗ്രേറ്റസ്റ്റ് റോയൽ റംബ്​ൾ ഗുസ്​തി മൽസരത്തിന് വേദിയാകാൻ ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയം ഒരുങ്ങി. സൗദി ജനറൽ സ്​പോർട്​സ്​ അതോറിറ്റിയും, വേൾഡ്​ റെസ്​ലിങ്​ എന്റർടൈൻമെന്റും (ഡബ്ല്യുഡബ്ല്യുഇ) തമ്മിലുള്ള 10 വർഷത്തെ സഹകരണ കരാറി​​ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൽസരങ്ങളിൽ അൻപത് ലോകോത്തര താരങ്ങൾ അണിനിരക്കും.

പ്രമുഖ റസലിങ് താരങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി ജിദ്ദയിൽ എത്തിയിട്ടുണ്ട്. ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റ് കർട് ആംഗിൾ, 2016 ലെ ആന്ദ്രേ ഡി ജയന്റ് ബാറ്റിൽ റോയൽ വിജയി ബാരൻ കോർബിൻ, നാലു തവണ ടാഗ് ടീം ചാമ്പ്യനും മൂന്ന് തവണ ലോക ഹെവി വെയിറ്റ് ചാമ്പ്യനും 9 തവണ ഇന്റർ കോണ്ടിനെന്റൽ ചാമ്പ്യനുമായ ക്രിസ് ജെറിക്കോ, ബ്രോക്ക് ലെസ്നർ, റോമൻ റെയിൻസ്, എജെ സ്റ്റൈൽസ്, ഷിനുസുകെ നകാമുറ, മോജോ റൗളി, മാർക്​ ഹെൻറി, ജെഫ് ഹാർഡി, ജിണ്ടർ മഹൽ തുടങ്ങിയ റെസ്‌ലിങ് രംഗത്തെ അതികായരെല്ലാം ഇക്കൂട്ടത്തിലുണ്ട്. എങ്കിലും ലോകമെമ്പാടുമുള്ള റെസ്‌ലിങ് പ്രേമികൾ ആകാക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം ജോണ് സീനയും ട്രിപ്പിൾ എച്ചുമായുള്ള പോരാട്ടവും, അണ്ടർ ടേക്കറും, റുസെവും തമ്മിലുള്ള പോരാട്ടവുമായിരിക്കും. ജോൺ സീനയും, ട്രിപ്പിൾ എച്ചും തമ്മിൽ 2010 നു ശേഷം ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ജിദ്ദയിലെ മൽസരങ്ങൾക്കുണ്ട്.

ടിക്കറ്റ് വിൽപന രണ്ടാഴ്ച മുൻപ് തന്നെ ഓൺലൈൻ വഴിയും, തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകൾ വഴിയും ആരംഭിച്ചിരുന്നു. മൽസരങ്ങൾ നടക്കുന്ന കിങ് അബ്ദുല്ല സ്‌പോർട്സ് സിറ്റി കൗണ്ടറിൽ ബുധനാഴ്ച മുതൽ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഉയർന്ന നിരകളിലെ സീറ്റുകൾക്ക് 10 റിയാലും, താഴെ നിരകളിലെ സീറ്റുകൾക്ക് 20 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കുടുംബങ്ങൾക്ക് 100 റിയാലിന്റെ ഗോൾഡൻ ടിക്കറ്റും, 300 റിയാലിന്റെ വിഐപി ടിക്കറ്റും ലഭ്യമാണ്.

വാർത്ത: നാസർ കാരകുന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook