ജിദ്ദ: സൗദിയെ ഇളക്കിമറിച്ച ഗുസ്തി മൽസരം വീക്ഷിക്കാന്‍ സംഗീത ഇതിഹാസം എ.ആർ.റഹ്മാനും. സൗദിയെ ഇളക്കിമറിച്ച ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഗ്രെയ്റ്റസ്റ്റ് റോയൽ റംബ്‌ളിന് സാക്ഷിയാകാനാണ് സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ എത്തിയത്.

മക്കയില്‍ എത്തിയ അദ്ദേഹം വെള്ളിയാഴ്ച ജുമുഅ നമസ്‌കാരവും ഉംറയും നിർവഹിച്ച ശേഷമാണ് വൈകിട്ട് ജിദ്ദയിലെത്തിയത്. ഇന്ന് അദ്ദേഹം മദീനയിലേക്ക് പോകും. ഗുസ്തി മൽസരത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ അദ്ദേഹം ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ ഒന്നും ഇല്ലാതെ തനിച്ചാണ് അദ്ദേഹത്തെ വീഡിയോയിൽ കാണുന്നത്.

ഒഴിവുദിനമായിരുന്നതിനാല്‍ വന്‍ ജനാവലിയാണ് ടെലിവിഷനിൽ മാത്രം കണ്ടു പരിചയമുള്ള ലോക റെസ്‌ലിങ് രംഗത്തെ അതികായരുടെ പോരാട്ടങ്ങൾ വീക്ഷിക്കാനായി എത്തിയിരുന്നത്. ലോകപ്രശസ്തരായ ജോൺസീനയുൾപ്പെടെ വമ്പൻ താരനിര അണിനിരന്ന എന്റർടയ്ൻമെന്റ് ഗുസ്തി കാണാൻ അറുപതിനായിരത്തോളം കാണികളുമുണ്ടായിരുന്നു.

സൗദി ജനറൽ സ്​പോർട്​സ്​ അതോറിറ്റിയും, വേൾഡ്​ റെസ്​ലിങ്​ എന്റർടൈൻമെന്റും (ഡബ്ല്യുഡബ്ല്യുഇ) തമ്മിലുള്ള 10വർഷത്തെ സഹകരണ കരാറി​​ന്റെ ഭാഗമായി സംഘടിപ്പിച്ച മൽസരങ്ങളിൽ അൻപത് ലോകോത്തര താരങ്ങൾ അണിനിരന്നു. 50 പേർ അണിനിരന്ന ഈ പോരാട്ടം ഡബ്ല്യുഡബ്ല്യുഇയുടെ ചരിത്രത്തിലാദ്യമാണ്.

ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റ് കർട് ആംഗിൾ, 2016 ലെ ആന്ദ്രേ ഡി ജയന്റ് ബാറ്റിൽ റോയൽ വിജയി ബാരൻ കോർബിൻ, നാലു തവണ ടാഗ് ടീം ചാമ്പ്യനും മൂന്ന് തവണ ലോക ഹെവി വെയിറ്റ് ചാമ്പ്യനും 9 തവണ ഇന്റർ കോണ്ടിനെന്റൽ ചാമ്പ്യനുമായ ക്രിസ് ജെറിക്കോ, ബ്രോക്ക് ലെസ്നർ, റോമൻ റെയിൻസ്, എജെ സ്റ്റൈൽസ്, ഷിനുസുകെ നകാമുറ, മോജോ റൗളി, മാർക്​ ഹെൻറി,ജെഫ് ഹാർഡി, ജിണ്ടർ മഹൽ തുടങ്ങിയ റെസ്‌ലിങ് രംഗത്തെ അതികായരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

The first WWE at Jeddah (what am I doing here ?) #wwe

A post shared by @ arrahman on

ലോകമെമ്പാടുമുള്ള റെസ്‌ലിങ് പ്രേമികൾ ആകാക്ഷയോടെ കാത്തിരുന്ന ജോൺ സീനയും ട്രിപ്പിൾ എച്ചുമായുള്ള പോരാട്ടവും, അണ്ടർ ടേക്കറും, റുസെവും തമ്മിലുള്ള പോരാട്ടവും കാണികളെ ആവേശക്കൊടുമുടിയില്‍ എത്തിച്ചു. ജോൺ സീനയും, ട്രിപ്പിൾ എച്ചും തമ്മിൽ 2010 നു ശേഷം ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ജിദ്ദയിലെ മൽസരത്തിനുണ്ട്.

ഒരു പതിറ്റാണ്ടിനിടയിലാദ്യമായി അണ്ടർടെയ്ക്കർ പങ്കെടുത്ത കാസ്‌കെറ്റ് മൽസരമായിരുന്നു മറ്റൊരു പ്രത്യേകത. മേൽക്കൂരയിൽ കെട്ടിത്തൂക്കിയ കിരീടത്തിനായി നാലു പേർ പൊരുതിയ ലാഡർ മൽസരവും റോയൽ റംബിളിലെ ആകർഷകമായ ഇനമായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ