റിയാദ് : “സംസ്കാരമാണ് ഒട്ടകം” എന്ന തലവാചകത്തിൽ ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളക്ക് റിയാദില്‍ തുടക്കമായി. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകം അറബ് ചരിത്രത്തിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ ഇത് രാജ്യത്തിൻറെ പൈതൃകോത്സവം കൂടിയാണ്. സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ റുമാ ഗവർണറേറ്റിൽ ദാറത് കിങ് അബ്ദുൽ അസീസ് സെന്ററാണ് മേളയുടെ സംഘാടകർ.

രാജ്യത്തിന് അകത്തും പുറത്തുമുള്ള മൂന്ന് ലക്ഷത്തോളം ഒട്ടകങ്ങളാണ് ഇത്തവണ മേളക്കെത്തുന്നത്. പ്രദർശനം കാണുവാനും പങ്കെടുകുവാനും ആയിരക്കണക്കിന് ആളുകളാണ് സൗദിയിൽ എത്തിച്ചേർന്നത്. ആയിരത്തിൽ പരം വിസയാണ് ഇതിനായി വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്. 115 മില്യൺ റിയാലാണ് സമ്മാനമായി ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. രണ്ട് ദശലക്ഷത്തിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്ന മേള അറബ് രാജ്യത്തെ മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ദേശീയ ആഘോഷങ്ങളിൽ ഒന്നാണെന്ന് സംഘാടകർ അവകാശപ്പെട്ടു. ഒട്ടകങ്ങളെ വളർത്താനും സംരക്ഷിക്കാനുമുള്ള അവകാശത്തെയും ആവശ്യകതയെയും കുറിച്ചുള്ള ബോധവൽകരണം മേളയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

നിറം, തലയുടെ വലിപ്പം, കഴുത്തിന്റെ നീളം, മുതുക്, കണ്ണുകളുടെ വലിപ്പം, പുരികം, ചെവിയുടെ സൗന്ദര്യം, ഉരുളൻ പൂഞ്ഞ, പല്ലിനെ മൂടുന്ന ചുണ്ടുകൾ തുടങ്ങിവയാണ് വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ. മത്സരത്തിൽ വിജയിക്കുന്ന ഒട്ടകങ്ങളെ മോഹ വില നൽകി സ്വന്തമാക്കാൻ മേളയുടെ ഭാഗമായി ഒട്ടക ലേലവും പരേഡും സംഘടിപ്പിക്കും. പരമ്പരാഗത നൃത്തം, കവിത ചൊല്ലൽ മത്സരം, നാടൻ പാട്ട് മത്സരങ്ങൾ തുടങ്ങി ഒട്ടേറെ കലാ പരിപാടികൾക്കും മേള വേദിയാകും. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച മേള ഏപ്രിൽ 15 ന് അവസാനിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ