അബുദാബി: ലോകത്തെ ആദ്യ നിര്‍മിത ബുദ്ധി സര്‍വകലാശാല അബുദാബിയില്‍ തുറന്ന് യുഎഇ. മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എംബിസെഡ്‌യുഎഐ) അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ക്ലാസുകള്‍ തുടങ്ങും. ബിരുദ, ഗവേഷണ പോഗ്രാമുകള്‍ക്കുള്ള അപേക്ഷ ഈ മാസം സ്വീകരിച്ചു തുടങ്ങും.
നിര്‍മിത ബുദ്ധിയില്‍ വൈദഗ്ധ്യമുള്ള തൊഴില്‍ശക്തിയെ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുഎഇ സര്‍വകലാശാല സ്ഥാപിക്കുന്നത്. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനും യുഎഇയുടെ സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങളെ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയാണു സര്‍വകലാശാലയുടെ ലക്ഷ്യം.
മസ്ദാര്‍ സിറ്റിയിലെ ക്യാമ്പസില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയില്‍ നൂറിലേറെ ബിരുദ പ്രോഗ്രാമുകളാണുണ്ടാവുക. ഫുള്‍ സ്‌കോളര്‍ഷിപ്പുകള്‍, മാസ സ്‌റ്റൈപ്പന്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, താമസസൗകര്യം എന്നിവ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കു വാഗ്ദാനം ചെയ്യുന്നുണ്ട്.
സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നിര്‍മിത ബുദ്ധി അവസരമായി കാണുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. നിര്‍മിത ബുദ്ധി വകുപ്പിന് പ്രത്യേകമായി ലോകത്താദ്യമായി മന്ത്രിയെ നിയോഗിച്ച രാജ്യം കൂടിയാണ് യുഎഇ. 2030ല്‍ ലോകത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 14 ശതമാനം നിര്‍മിത ബുദ്ധിയുടെ സംഭാവനയായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് ഗവേഷണ ലാബായ ഇന്‍സെപ്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സു(ഐഐഎഐ)മായി സഹകരിച്ചാണു സര്‍വകലാശാല പ്രവര്‍ത്തിക്കുക. പാഠ്യപദ്ധതി വികസനം, ഗവേഷണ വിദ്യാര്‍ഥികളുടെ മേല്‍നോട്ടം എന്നിവയുടെ ചുമതല ഐഐഎഐയ്ക്കാണ്. ഗവേഷണരംഗത്തും ഇരുസ്്ഥാപനങ്ങളും സഹകരിക്കും.