scorecardresearch

ലോക ജീവകാരുണ്യ ദിനം ആചരിച്ചു

ഓരോരുത്തരും തങ്ങളിലേക്ക് ഒതുങ്ങികൂടുകയും സ്വാര്‍ഥതയുടെ തുരുത്തുകള്‍ രൂപപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് ജീവകാരുണ്യത്തിന്റെ പ്രസക്തിയേറുകയാണ്

ദോഹ: ലോകത്ത് സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും അനുസ്യൂതം തുടരുമ്പോള്‍ ജീവകാരുണ്യ ദിനത്തിന്റെ പ്രസക്തി ഏറിവരികയാണെും ഓരോ മനുഷ്യ സ്‌നേഹിയും ഈ രംഗത്ത് തന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനുടെ ലോക ജീവകാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോരുത്തരും തങ്ങളിലേക്ക് ഒതുങ്ങികൂടുകയും സ്വാര്‍ഥതയുടെ തുരുത്തുകള്‍ രൂപപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് ജീവകാരുണ്യത്തിന്റെ പ്രസക്തിയേറുകയാണ്. ഇത് എതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറ്റണം. ജാതീയവും വിഭാഗീയവുമായ പരിഗണനകള്‍പ്പുറം മാനവികതയുടെ അടിസ്ഥാനത്തിലുള്ള സമീപനവും ചിന്താഗതിയും വളരുമ്പോള്‍ ലോകത്ത് വമ്പിച്ച മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യ ജീവിതം ധന്യമാകുന്നത് നമ്മെകൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണെും മാനവരാശിയുടെ സമാധാനപരമായ സഹവര്‍തിത്വം ഉറപ്പാക്കുവാന്‍ സ്വാര്‍ഥതക്ക് മേല്‍ സേവനമനസിന് മേൽക്കോയ്മ ഉണ്ടാകുന്ന സാമൂഹ്യ സാഹചര്യം വേണമെന്നും പരിപാടി നിയന്ത്രിച്ച മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. മാനവികത, മനുഷ്യപ്പറ്റ്, ജീവകാരുണ്യം, പരസ്പര സഹായസഹകരണം, സേവനം, സ്‌നേഹം, ആര്‍ദ്രത, ദയ തുടങ്ങിയവ സമകാലിക ലോകത്ത് ഏറെ പ്രസക്തമായ വികാരങ്ങളാണ്. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും സ്വന്തം വികാരങ്ങളായി പരിഗണിച്ച് മാനവികതയുടേയും സാഹോദര്യത്തിന്റേയും സന്ദേശമാണ് കാലം ആവശ്യപ്പെടുന്നത്. ഈ രംഗത്ത് കൂട്ടായ ചിന്തയും പരിശ്രമങ്ങളുമാണ് ജീവകാരുണ്യദിനം ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദുരിതങ്ങളും ദുരന്തങ്ങളും ഏറി വരികയാണ്. സ്വാഭാവികമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയുമേറുന്നു. ഭൗതിക സുഖസൗകര്യങ്ങളുടെയും ലോകം വെട്ടിപ്പിടിക്കുവാനുള്ള ഓട്ടത്തിന്റേയുമിടയില്‍ കഷ്ടപ്പെടുന്ന തന്റെ സഹജീവിയുടെ കണ്ണീരൊപ്പുവാന്‍ നമുക്കൊക്കെ സമയമുണ്ടോ എന്നാണ് വാസ്തവത്തില്‍ ഈ ദിവസം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങളില്‍ മാനവികതക്കും സാഹോദര്യത്തിനും നാമോരോരുത്തരും എന്ത് വില കല്‍പ്പിക്കുന്നു എന്നതാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ജീവിതയാത്രയില്‍ ബാക്കിയാവുന്ന, എന്നും മനസിന് ശാന്തിയും സായൂജ്യവും നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനുമാണ് ഈ ദിനം ഉപകരിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സി.കെ.റാഹേല്‍, അവ്‌നാശ് ഗെയിക് വാദ്, ബഷീര്‍ വടകര സംസാരിച്ചു. വണ്‍ സോണ്‍ ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടീസ് ആന്റ് മൊബൈല്‍ ആക്‌സസറീസ് ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് റാഫി, സ്റ്റാര്‍ കിച്ചണ്‍ എക്വ്യൂപ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ പി.എം.അബ്ദുല്‍ സലാം, അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് പ്രതിനിധി മുഹമ്മദ് അദീബ് എിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2009 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 19 ആണ് ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന യുദ്ധങ്ങളിലും വര്‍ഗീയ വംശീയ കലാപങ്ങളിലും ക്രൂരമായ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന നിരപരാധികളും നിരാശ്രയരുമായ മനുഷ്യരുടെ പരിചരണത്തിനും സേവനത്തിനും സമയം കണ്ടെത്തുന്ന മനുഷ്യ സ്‌നേഹികളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അവര്‍ ഉദ്‌ഘോഷിക്കുന്ന ഉന്നതമായ സേവന സന്ദേശം പ്രചരിപ്പിക്കുകയുമാണ് ഈ ദിനത്തിന്റെ പ്രധാന ദൗത്യം.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: World charity day celeberated in doha