റിയാദ്: നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലവാചകത്തിൽ 2017 -മാർച്ച് -19 ന് സൗദി അറേബ്യയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചതോടെ വിവിധ വകുപ്പുകൾ ചേർന്ന് പരിശോധന ശക്തമാക്കി. സ്പോൺസറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നത് പിടിക്കപ്പെട്ടാൽ പിഴയും പിന്നീട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കഴിയാത്തവിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാട് കടത്തുകയും ചെയ്യും. നിയമം ലംഘിച്ച് മറ്റൊരു സ്ഥാപനത്തിലോ വ്യക്തിയുടെ കീഴിലോ ജോലി ചെയ്യാൻ അനുവാദം നൽകിയ സ്പോൺസറിൽ നിന്ന് 15000 സൗദി റിയാൽ പിഴ ഈടാക്കുകയും ചെയ്യുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു.

അനധികൃതമായി രാജ്യത്ത് തങ്ങുന്ന അവസാന നിയമ ലംഘകനെയും നാട് കടത്തും വരെ പരിശോധന തുടരും. ഏതെല്ലാം രീതിയിലുള്ള നിയമ ലംഘകരാണ് പൊതുമാപ്പിന് ശേഷം രാജ്യത്ത് അവശേഷിക്കുന്നത് എന്ന് മന്ത്രാലയങ്ങൾ പരിശോധിച്ച് തുടങ്ങി. ഹുറൂബ് (തൊഴിലാളി ഒളിച്ചോടി എന്ന തൊഴിലുടമയുടെ പരാതിയിൽ പാസ്പോർട്ട് വിഭാഗം രേഖപ്പെടുത്തുന്ന സ്റ്റാറ്റസ്) ഇത്തരത്തിൽ സ്റ്റാറ്റസ് രേഖപ്പെടുത്തിയവർ 2017 ൽ 2,28,000,പേരാണ്. സ്പോൺസറിൽ നിന്നും ഒളിച്ചോടിയ ഇത്തരക്കാർക്കും അതിർത്തി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവർക്കും ജോലി നൽകുന്നവർക്ക് പിഴ ഉൾപ്പടെയുള്ള കടുത്ത ശിക്ഷ നൽകുമെന്ന് ജവാസാത്ത് പബ്ലിക് റിലേഷൻ മീഡിയ മേധാവി മുഹമ്മദ് അബ്ദുൽ അസീസ് അസ്സഅദ് അറിയിച്ചു.

തൊഴിൽ മന്ത്രാലയവും സൗദി പാസ്പോർട്ട് വിഭാഗവും (ജവാസാത്ത്) ചേർന്നാണ് പരിശോധന നടത്തുന്നത്. എന്നാൽ സ്ഥാപനങ്ങളിൽ തൊഴിൽ നിയമം ലംഘിക്കുന്നുണ്ടോ എന്നും സ്വദേശിവത്കരണം ഏർപ്പെടുത്തിയ തസ്തികകളിൽ വിദേശികൾ ജോലി ചെയ്യുന്നുണ്ടോ എന്നും തൊഴിൽ മന്ത്രാലയം പ്രത്യേകം പരിശോധിക്കുന്നുണ്ട്. താമസ രേഖയിലുള്ള പ്രൊഫഷനിൽ തന്നെയാണോ വിദേശികൾ ജോലി ചെയ്യുന്നതെന്നും സംഘം പരിശോധിക്കും. പരിശോധന ആരംഭിച്ച ആദ്യ ദിവസം 7547 നിയമലംഘകരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വക്താവ് കേണൽ മൻസൂർ അൽ തുർക്കി അറിയിച്ചു. 7,58,570 പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടത്. ഇതിൽ പത്ത് ശതമാനം ഇന്ത്യക്കാരാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ