മനാമ: ബഹ്‌റൈന്‍ എസ്‌തെറ്റിക് ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ മലയാള കഥാ ലോകത്തെ പ്രമുഖ സ്ത്രീ എഴുത്തുകാരുടെ രചനകളെ വിശകലനം ചെയ്യുന്ന പരിപാടി ശ്രദ്ധേയമായി. മലയാളത്തിലെ സ്ത്രീ എഴുത്തിന്റെ പൊതു ചരിത്രവും സമകാലിക കഥയിലെ സ്ത്രീ സാന്നിധ്യവും ചര്‍ച്ച ചെയ്യപ്പെട്ട പരിപാടിയില്‍ അഞ്ജു മിനേഷ് വിഷയാവതരണം നടത്തി.

സ്ത്രീയുടെ സര്‍ഗാത്മക രചനകളെ അവരുടെ ജീവിതവുമായി ചേര്‍ത്ത് വായിക്കുന്ന പ്രവണത സമൂഹത്തില്‍ കൂടുതലായതുകൊണ്ടു തന്നെ മലയാള സാഹിത്യത്തില്‍ എഴുത്തിന്റെ വഴികള്‍ തുറന്നു തന്ന ശ്രദ്ധേയരായ എഴുത്തുകാരികള്‍ നടത്തിയ വലിയ ശ്രമം ആദരിക്കപ്പെടേണ്ടതാണ് എന്ന് അഞ്ജു മിനേഷ് അഭിപ്രായപ്പെട്ടു. ലളിതാംബിക അന്തര്‍ജ്ജനവും രാജലക്ഷ്മിയും മാധവിക്കുട്ടിയും സാറാ ജോസഫുമടക്കമുള്ള എഴുത്തുകാരികള്‍ തെളിച്ച വഴികളാണ് മലയാള എഴുത്തില്‍ ഇന്നത്തെ യുവ തലമുറയ്ക്ക് പ്രചോദനമായത്. അതിനു ശേഷം വന്ന എഴുത്തുകാരികള്‍ക്കു സ്ത്രീ സ്വത്വത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമെല്ലാം സ്വതന്ത്രമായി എഴുതാനുള്ള സാഹചര്യം ഒരുങ്ങിയതും നിരന്തരമായി സമൂഹത്തോട് അവര്‍ നടത്തിയ കലഹങ്ങള്‍ കൊണ്ടാണ് എന്ന് അഞ്ജു അഭിപ്രായപ്പെട്ടു.

കഥകളുടെ പ്രമേയത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടക്കുമ്പോഴും ആഖ്യാനത്തിലും ഭാഷയിലും അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ പുതിയ കഥാ കാരികളില്‍ കുറവായതായാണ് അനുഭവപ്പെട്ടിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അനില്‍ വേങ്കോട് അഭിപ്രായപ്പെട്ടു. എഴുത്തിലെ ലിംഗഭേദം പോലും അപ്രസക്തമാക്കുന്ന തരം മികച്ച രചനകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇ.വി.രാജീവന്‍ പറഞ്ഞു. പുരുഷ നിയന്ത്രിതമായ സമൂഹത്തിലെ സ്ത്രീകളുടെ എഴുത്തില്‍ വലിയ സമ്മര്‍ദങ്ങള്‍ എഴുത്തിന്റെ അവതരണത്തെ ബാധിച്ചിട്ടുണ്ട് എന്ന് ഇ.എ.സലിം അഭിപ്രായപ്പെട്ടു.

സ്ത്രീപക്ഷ രചനകള്‍ പുരുഷ എഴുത്തുകാരില്‍ നിന്നും ഉണ്ടാക്കുന്നുണ്ട് എങ്കിലും സ്‌ത്രൈണ ലോകത്തെ പ്രതിഫലിപ്പിക്കാന്‍ സ്ത്രീ എഴുത്തിനേ കഴിയൂ എന്ന് സുധീശ് രാഘവന്‍ പറഞ്ഞു. പുരുഷന്മാര്‍ക്ക് മികച്ച സ്ത്രീ പക്ഷ രചനകള്‍ സാധ്യമാണെങ്കിലും എല്ലാ കാലത്തും സ്ത്രീകള്‍ക്ക് മാത്രം അനുഭവിക്കേണ്ടിവരുന്ന, അവര്‍ക്കു മാത്രം മനസിലാവുന്ന ചില പ്രേമേയ പരിസരങ്ങള്‍ ഉണ്ടെന്നത് നിസ്തര്‍ക്കമാണെന്ന് ശ്രീദേവി മേനോന്‍ അഭിപ്രായപ്പെട്ടു. ഫിറോസ് തിരുവത്ര, മിനേഷ് രാമനുണ്ണി, പ്രശാന്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ