ദുബായ്: യുഎഎയിലെ പ്രവാസികൾക്ക് വർഷത്തിലെ ഏറ്റവും തിരക്ക് പിടിച്ച യാത്രാ അനുഭവമായിരിക്കും ഈ വാരാന്ത്യം. ലോകത്തിലെ തന്നെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നായ എമിറേറ്റ്സിന്റെ കണക്കുകൾ പ്രകാരം അടുത്ത ആഴ്ച ഏതാണ്ട് 4,20,000 യാത്രക്കാർ ദുബായ് എയർപോർട്ട് വഴി ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യും.

ക്രിസ്മസിന് മുൻപേ തുടങ്ങുന്ന അവധി പുതു വർഷം വരെ നീളുമ്പോൾ ശൈത്യകാല യാത്രകൾക്കായി വിദേശ സമൂഹം ഒരുങ്ങുന്നു. ആഘോഷങ്ങൾ നാട്ടിലെത്തി സ്മരണീയമാക്കാൻ മറ്റു രാജ്യങ്ങളിലെ പൗരന്മാരും. യാത്രികരുടെ അഭൂതപൂർവമായ ഒഴുക്കാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സിന്റെ വക്താവ് ഗൾഫ് ന്യൂസിനോട് പറഞ്ഞു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 വഴി മാത്രം നാല് ലക്ഷത്തിലധികം യാത്രക്കാർ കടന്നുപോകുമെന്നു എമിറേറ്റ്സിന്റെ വക്താക്കൾ അറിയിച്ചു. അതിൽ ഡിസംബർ 15 ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസം.

യാത്രക്കാരോട് പതിവ് സമയത്തിന് വളരെ മുൻപേ തന്നെ വിമാന താവളത്തിലെത്തി ചേരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ടെന്നു ഗൾഫ് ന്യൂസ് പറഞ്ഞു. യാത്രക്കാരുടെ വലിയ ഒഴുക്ക് കണക്കിലെടുത്തു കൊണ്ട് വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നു കഴിഞ്ഞു. രണ്ടിരട്ടിയിലധികമാണ് ടിക്കറ്റ് നിരക്കുകൾ വർധിച്ചിട്ടുള്ളത്.

കടപ്പാട്: ഇൻസ്റ്റഗ്രാം

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 77 ലക്ഷത്തിലധികം യാത്രക്കാർ ആണ് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയത്. 2015 ൽ ഇത് 70 ലക്ഷത്തോളമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഒരു ഫ്ലൈറ്റിൽ സഞ്ചരിച്ച ശരാശരി യാത്രക്കാരുടെ എണ്ണം 224 ആണ്. 2015 ൽ ഇത് 209 ആയിരുന്നു. 36,065 വിമാനങ്ങൾ കഴിഞ്ഞ ഡിസംബറിൽ സർവീസ് നടത്തി. മുൻ വർഷം ഇത് 35,491 ആയിരുന്നു.

യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല ചരക്കു കൈകാര്യം ചെയ്യുന്ന കാര്യത്തിലും ദുബായ് എയർപോർട്ട് മുൻപന്തിയിൽ ആണ്. 2016ൽ 230,122 ടൺ കാർഗോ ഇവിടെ കൈകാര്യം ചെയ്തപ്പോൾ 2015 ൽ ഇത് 218,408 ടൺ ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook