റിയാദ്‌: സൗദിയില്‍ ശൈത്യം കനത്തു. സൗദിയുടെ മധ്യ-വടക്കന്‍ മേഖലകളിലാണ്‌ അതിശൈത്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്‌. വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ റിയാദിലും പരിസരത്തും ഒരു ഡിഗ്രി സെല്‍ഷ്യസാണു താപനില രേഖപ്പെടുത്തിയത്‌.

സൗദിയുടെ വടക്കന്‍ പ്രവശ്യകളില്‍ ശൈത്യത്തോടൊപ്പം കനത്ത മഞ്ഞുവീഴ്ചയും ഉണ്ടായി. ചിലയിടങ്ങളില്‍ നേരിയ മഴയും കിട്ടി. വടക്കന്‍ മേഖലയില്‍ മിക്ക നഗരങ്ങളിലും പൂജ്യം ഡിഗ്രിക്കും താഴെയായിരുന്നു ശൈത്യം അനുഭവപ്പെട്ടത്‌. റോഡും മലകളും മരുഭൂമിയും മഞ്ഞുമൂടി.

സൈബീരിയന്‍ മലകളില്‍ നിന്ന്‌ അറേബ്യന്‍ ഉപദ്വീപിലേക്ക്‌ വീശുന്ന തണുത്ത കാറ്റിന്റെ പ്രവാഹം അനുസരിച്ചായിരിക്കും ശൈത്യവും അതിശൈത്യവും അനുഭവപ്പെടുക എന്ന്‌ കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അറാര്‍, ഖുറയാത്ത്‌, അല്‍ ജൗഫ്‌, റഫ്ഹ, ഹായില്‍, തബൂക്‌ എന്നീ പ്രവിശ്യകളിലാണ്‌ സൈബീരിയന്‍ കാറ്റ്‌ നേരിട്ട്‌ ബാധിക്കുക. ഈ പ്രവശ്യകളിലെ പല നഗരങ്ങളും മൈനസ്‌ അഞ്ചോളം താപനില കുറഞ്ഞു.

മൂടല്‍ മഞ്ഞ്‌ കാരണം വാഹനം ഓടിക്കാന്‍ കഴിയാതെ നിര്‍ത്തിയിടേണ്ടി വന്നതായി പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്‌. തെക്ക്‌ പടിഞ്ഞാറന്‍ മലനിരകളിലും മധ്യ-വടക്കന്‍ പ്രവശ്യകളിലും മൂടല്‍ മഞ്ഞ്‌ ഉള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന്‌ സൗദി കാലാവസ്ഥാ വിഭാഗം വൈസ്‌ പ്രസിഡണ്റ്റ്‌ അയ്മന്‍ ഗുലാം അറിയിച്ചു.

ഗുറയാത്ത്‌, തുറൈഫ്‌, അല്‍ ജൌഫ്‌ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു. ഡിസംബര്‍ 22 തുടങ്ങിയ ശൈത്യം മാര്‍ച്ച്‌ 21 വരെ നീണ്ടുനിൽക്കുമെന്ന് ഈ രംഗത്തെ വിദഗ്ധനായ അബ്ദുല്‍ അസീസ്‌ അല്‍ ശമ്മരി പറയുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ