മനാമ: ‘പ്രവാസിക്കൊരു കൈത്താങ്ങ്’ എന്ന ലക്ഷ്യവുമായി വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ഉടലെടുത്ത സംരംഭം യഥാര്‍ഥ്യമാവുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഒരു കൂട്ടം പ്രവാസികളുടെ ശ്രമഫലമായി തൃശൂര്‍ കൈപ്പമംഗലത്ത് ഹൈടെക് ഡയറി ഫാം ആരംഭിക്കുകയാണെന്നു ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തികച്ചും ജൈവപാലും പാലുല്‍പ്പന്നങളും വിപണിയില്‍ എത്തിക്കുക എന്ന ലക്ഷത്തോടെ ‘കാപ് കോള്‍’ എന്ന പേരില്‍ കമ്പനി രൂപീകരിച്ചു. ഇതിനായി എല്ലാ ഗള്‍ഫ് രാജ്യത്തുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. കൈപ്പമംഗലം ചളിങ്ങാട് പ്രദേശത്താണു പദ്ധതി വരുന്നത്. അത്യുല്‍പ്പാദന ശേഷിയുള്ള 200 പശുക്കളെ വളര്‍ത്തുന്നതിന് അത്യാധുനിക ചൈനീസ് ഫാം സജ്ജീകരിക്കും. അഞ്ച് ഏക്കറിലാണ് ഫാം പ്രവര്‍ത്തിക്കുക. മാര്‍ച്ച് നാലിനു കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പദ്ധതിക്കു തറക്കല്ലിടുമെന്ന് അവര്‍ പറഞ്ഞു. അനുബന്ധ പദ്ധികള്‍ 15 ഏക്കറിലേക്കു വ്യാപിപ്പിക്കും.

കൈപ്പമംഗലം ചളിങ്ങാട് ബിസിനസ് ഗ്രൂപ്പിന്റെ കീഴില്‍ അഞ്ചു കോടി രൂപ നിക്ഷേപത്തിലാണു പദ്ധതി ആരംഭിക്കുന്നത്. നിക്ഷേപകരില്‍ നിന്നു ഷെയര്‍ അടിസ്ഥാനത്തിലായിരിക്കും ഫണ്ട് കണ്ടെത്തുക. അന്‍പതിനായിരം വിലയുള്ള 1000 ഷെയറുകളായിരിക്കും ഉണ്ടാവുക. 15 കോടിയുടെ വന്‍ പദ്ധതിയാണു ഭാവിയില്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. പ്രവാസം അവസാനിപ്പിച്ചവരേയും പദ്ധതിയുടെ ഭാഗമാക്കും.

ഷെയര്‍ തുക ഒരുമിച്ചു അടക്കാന്‍ കഴിയാത്തവര്‍ക്ക് 25,000 രൂപ രണ്ടു തവണയായോ 12500 രൂപ നാലു തവണയായോ അടക്കാവുന്നതാണ്. അന്‍പതിനായിരം രൂപയുടെ ഓരോ ഷെയറിനും തുല്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഷെയര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ കൈമാറ്റം ചെയ്യാവുന്നതാണ്. ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങിയവരെ ഷെയര്‍ നോമിനിയാക്കാവുന്നതുമാണ്.

എല്ലാവര്‍ഷവും ലാഭത്തിന്റെ 60 ശതമാനം ഷെയര്‍ ഉടമകള്‍ക്കിടയില്‍ വിതരണം ചെയ്യും. ബാക്കി 35 ശതമാനം ഷെയര്‍ വാല്യൂവില്‍ ചേര്‍ക്കും. ബാക്കി അഞ്ചു ശതമാനം ക്ഷേമ പ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അവര്‍ പറഞ്ഞു. ഷെയര്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ബഹ്‌റൈന്‍ പ്രവാസികള്‍ 33440197, 33744272, 36560501 ഈ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ കെ.സെയ്ഫുദ്ദീന്‍, ഗഫൂര്‍ കൈപ്പമംഗലം, തേവലക്കര ബാദുഷ, ഇബ്രാഹിം കുട്ടി, ടി.എസ്.നൗഷാദ്, വിപിന്‍ ആന്‍ഡ്രൂസ് മോസസ്, കെ.ബി.ഷാജഹാന്‍, ബഷീര്‍ കാട്ടൂര്‍, എടക്കുന്നി സഞ്ജയ്, മുകേഷ് മുകുന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ