ദുബായ്: യുഎഇയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തടസപ്പെട്ട വിമാന സര്‍വിസുകള്‍ പിന്നീട് ഏറെക്കുറെ പുനസ്ഥാപിച്ചു.

ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലായതായി അധികൃതര്‍ അറിയിച്ചു. വിമാനങ്ങളും വരുന്നതിലും പോകുന്നതിലും നേരിയ തടസം മാത്രമേ ഇപ്പോഴുള്ളൂവെന്നു ദുബായ് വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നാല്‍, വിമാനത്താവളത്തിനു ചുറ്റുമുള്ള റോഡുകളില്‍ വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ പരമാവധി നേരത്തെ വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

യാത്രക്കാര്‍ അതതു വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളില്‍നിന്നോ ദുബായ് വിമാനത്താവള വെബ്‌സൈറ്റില്‍നിന്നോ ഫ്‌ളൈറ്റുകളുടെ പുതുക്കിയ വിവരങ്ങള്‍ മനസിലാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. +971 4 2166666 എന്ന നമ്പര്‍ വഴിയും വിവരങ്ങള്‍ ലഭിക്കും.

മോശം കാലാവസ്ഥയെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച മറൈന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എന്നാല്‍ ദുബായ്-ഷാര്‍ജ ഇന്റര്‍സിറ്റി ഫെറി സര്‍വിസ് പുനരാരംഭിച്ചിട്ടില്ല.

കനത്ത മഴയില്‍ ദുബായ് ഉള്‍പ്പെടെ യുഎഇയിലെ പലയിടങ്ങളിലും റോഡുകളില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദുബായ് – ഷാര്‍ജ റോഡില്‍ ഏറെ നേരം വാഹനങ്ങള്‍ കുടുങ്ങി. വെളളക്കെട്ട് രൂപപ്പെട്ടതിനെത്തുടര്‍ന്ന് മറാകെഷ് ടണല്‍ താല്‍ക്കാലികമായി അടച്ചു. യാത്രക്കാര്‍ മറാക്കെഷ് റോഡിനു പകരം, വിമാനത്താവള, നാദ് അല്‍ ഹമര്‍, റിബാറ്റ് സ്ട്രീറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നു ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചു.

റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുബായിലെ ചില സ്‌കൂളുകള്‍ നേരത്തെ അടച്ചു. കുട്ടികളെ നേരത്തെ വീടുകളിലേക്കു വിടുമെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.

അബുദാബി, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ഇനിയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook