ദുബായ്: പുതുവത്സര ആഘോഷങ്ങൾക്ക് കരിമരുന്ന് പ്രകടനങ്ങള്‍ ഉണ്ടാവില്ലെന്ന് അറിയിച്ചതോടെ സോഷ്യല്‍മീഡിയയില്‍ പരിഭവം ഉയര്‍ന്നതിന് പിന്നാലെ ആഘോഷം വിസമയകരമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ദുബായിലെ ബുർജ് ഖലീഫ. തിങ്കളാഴ്ച്ച ഇമാര്‍ അധികൃതര്‍ ഇതിന്റെ വീഡിയോ പുറത്തുവിട്ടു.

കഴിവുറ്റ പ്രൊഫഷണല്‍മാര്‍ ആഘോഷം പൊടിപൊടിക്കാനായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തെ ഒരുക്കുന്ന വീഡിയോ ആണ് പുറത്തുവിട്ടത്. നവവത്സരത്തോടനുബന്ധിച്ച് ദുബായ് ഫൗണ്ടെയിനിൽ നടക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആയിരിക്കും ഇത്തവണത്തെ മുഖ്യ ആകർഷണം. ലൈറ്റ് അപ് 2018 എന്നാണ് ഷോയുടെ പേര്. ഡിസംബർ 31 ന് വൈകിട്ട് 5 മണിയോടെയാണ് ഷോ ആരംഭിക്കുക.

ഇത്തവണത്തെ ആഘോഷം ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2018 സായിദ് വർഷമായാണ് യുഎഇ ആചരിക്കുന്നത്. അതിനാൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് അൽ നഹ്യാന് ആദരമർപ്പിച്ചുകൊണ്ടായിരിക്കും ലൈറ്റ് അപ് 2018 നടക്കുക.

ബുർജ് പാർക്ക്, സൗത്ത് റിഡ്ജ്, മുഹമ്മദ് ബിൻ ബൊൾവാർഡ് എന്നിവിടങ്ങളിൽ നിന്ന് പരിപാടികൾ വീക്ഷിക്കുന്നതിനുള്ള സൗകര്യം സംഘാടകസമിതി ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ 1 മണിക്കായിരിക്കും പരിപാടികൾ അവസാനിക്കുക. ടെലിവിഷൻ ചാനലുകളിലൂടെ തൽസമയമായും ലൈറ്റ് ആൻഡ് സൗണ്ട് ഷോ വീക്ഷിക്കാം. ഇതിനുപുറമെ, www.mydubainewyear.com എന്ന വെബ്‌സൈറ്റിലൂടെയും പരിപാടികൾ വീക്ഷിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ