റിയാദ്: സൗദി അറേബ്യയിലേക്കുള്ള സന്ദർശക വിസയുടെ സ്റ്റാമ്പിങ് ഫീസിൽ വലിയ ഇളവുണ്ടായതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. നിലവിൽ നാൽപതിനായിരം ഇന്ത്യൻ രൂപയോളമാണ് സ്റ്റാമ്പിങ്ങിനായി ചെലവ് വരുന്നത്ത്. പുതിയ വിവരമനുസരിച്ച് പതിനായിരത്തിൽ താഴെ ഇന്ത്യൻ രൂപയാണ് സ്റ്റാമ്പിങ്ങിനായി ചെലവഴിക്കേണ്ടത്. അതേസമയം സൗദി ടൂറിസം അതോറിറ്റിയിൽ നിന്നോ, ആഭ്യന്തര മന്ത്രാലയത്തിൽ നിന്നോ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.

ഇളവ് പ്രാബല്യത്തിലായാൽ സൗദിയിലേക്ക് വിദേശികളുടെ ഒഴുക്ക് കൂടും. ഇത് വിപണിയെ സജീവമാക്കും. നിലവിലെ മന്ദഗതിക്ക് വിരാമമാകാനും ഈ തീരുമാനത്തിന് കഴിയുമെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. ഇതിന് പുറമെ വിനോദ സഞ്ചാരികൾക്ക് പ്രത്യേക ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നുണ്ട്. ഇതിനായുള്ള ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം ഉടൻ നിലവിൽ വരുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ചെയർമാൻ അമീർ സുൽത്താൻ ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മീഷൻ ഡയറക്ടർ ബോർഡ് വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത പുറത്ത് വന്നതോടെ വലിയ പ്രതീക്ഷയിലാണ് വിപണി. നിലവിലെ അവസ്ഥയിൽ ലെവി ഉൾപ്പടെയുള്ള ചിലവ് വർദ്ധിച്ചതും കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്നതും, തൊഴിൽ രംഗത്തെ പ്രതിസന്ധിയും, സന്ദർശക വിസയിൽ സൗദിയിലേക്കെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പടെ ജോലിചെയ്യുന്ന ഹോട്ടൽ, ബക്കാല (മിനി സൂപ്പർ മാർക്കറ്റ്) ബൂഫിയ (ചായക്കട), തുണിക്കടകൾ, ഷോപ്പിങ് മാളുകൾ, ഫാർമസി തുടങ്ങിയ സ്ഥാപനങ്ങളെയാണ് പുതിയ നിയമങ്ങൾ നഷ്‌ടത്തിലാക്കിയത്.

വാടകയും ശമ്പളവും ഉൾപ്പടെ വലിയ തുക കടത്തിലാണ് പലരും. വൈദ്യുതിയും പെട്രോളിയം ഉത്പന്നങ്ങൾക്കും സർക്കാർ നൽകി വരുന്ന സബ്‌സിഡി എടുത്ത് കളഞ്ഞതോടെ വർദ്ധിച്ചു. പുതിയ മാറ്റങ്ങളിൽ വരും ദിവസങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് പലരും നഷ്‌ടം സഹിച്ചും തുടരുന്നത്. സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങുന്നതും ആശ്രിത സന്ദർശക വിസയിലെ സ്റ്റാമ്പിങ് ചാർജ് കുറഞ്ഞതും വിപണിക്ക് പുതു ജീവൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കച്ചവട രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. പുതിയ തീരുമാനം വഴി സൗദിയുടെ എല്ലാ പ്രവിശ്യകളിൽ വാണിജ്യ രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook