റിയാദ്: ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ച കൊല്ലം സ്വദേശി വിനോദ് വിജയന്റെ (36) മൃതദേഹം കേളി പ്രവർത്തകരുടെ സഹായത്താൽ നാട്ടിലയച്ചു. ദുരിതങ്ങൾ മാത്രം ഏറ്റുവാങ്ങിയ പ്രവാസത്തിൽ നിന്ന് മോചനം തേടി നാടണയാനുള്ള വിനോദിന്റെ ശ്രമം കള്ളക്കേസുകളിൽ കുടുങ്ങി നിഷ്ഫലമാകുകയായിരുന്നു. ഒടുവിൽ ഇത്തിഹാദ് എയർവേസിന്റെ വിമാനത്തിൽ പിറന്ന മണ്ണിലേക്ക് ചേതനയറ്റ ശരീരമായി വിനോദ് യാത്രയായി.

അഞ്ചുവർഷം മുൻപ് റിയാദിനടുത്ത തുമാമയിൽ ഡ്രൈവർ ജോലിക്കായി എത്തിയ വിനോദിന് അടിസ്ഥാന താമസസൗകര്യങ്ങളോ ജോലി ചെയ്യാൻ ആവശ്യമായ രേഖകളോ തൊഴിലുടമ നൽകിയിരുന്നില്ല. മരുഭൂമിയിൽ ഒട്ടകങ്ങൾക്കും ആടുകൾക്കും പുല്ല് എത്തിച്ചുകൊടുക്കലായിരുന്നു വിനോദിന്റെ തൊഴിൽ. ലൈസൻസ് ഇല്ലാതെ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. പലപ്പോഴും അതേ വാഹനത്തിൽ തന്നെയായിരുന്നു അന്തിയുറക്കം. പീഡനം സഹിക്കാതെ തൊഴിലുടമയിൽ നിന്ന് നീതി ലഭിക്കാനായി ലേബർ കോർട്ടിൽ പരാതി നൽകി. ഇതേ തുടർന്ന് പ്രതികാര നടപടി എന്നോണം തൊഴിലുടമ വിനോദിനെതിരെ 25000 റിയാൽ മോഷണ കുറ്റം ആരോപിച്ച് ഒരാഴ്ച തടവിലാക്കി. പൊലീസ് കേസിന് പുറമെ പാസ്പോർട്ട് വിഭാഗത്തിൽ വിനോദ് ഒളിച്ചോടിയതായി സ്പോൺസർ രേഖപ്പെടുത്തിയിരുന്നു. സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ അതിന്റെ ആനുകൂല്യം നേടി നാട്ടിൽ പോകാനുള്ള ശ്രമത്തിനിടയിലാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. ദുരിതങ്ങളിൽ നിന്ന് മോചനം കിട്ടില്ല എന്ന് ബോധ്യപ്പെട്ടതോടെ തൊഴിലുടമയുടെ എല്ലാ പീഡനവും സഹിച്ച് കഴിയുകയായിരുന്നു.

സെപ്റ്റംബർ അഞ്ചിനാണ് തുമാമയിൽ വിനോദ് ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുന്നത്. വിനോദിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കടമ്പകളേറെയായിരുന്നു. സ്പോൺസർ നൽകിയ പരാതികൾ നിലവിലുള്ളതിനാൽ അത് നീക്കിക്കിട്ടാനുള്ള പരിശ്രമത്തിലായിരുന്നു കേളി ജീവകാരുണ്യവിഭാഗം കൺവീനർ ബാബുരാജ്, ചെയർമാൻ കിഷോർ എന്നിവർ. രണ്ടാഴ്ചത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ ബുധനാഴ്ച ഇത്തിഹാദ് എയർവേസിന്റെ വിമാനത്തിൽ മൃതദേഹം നാട്ടിലയച്ചു. വിനോദിനെ അടുത്ത സുഹൃത്ത് സുലൈമാന്റെ നേതൃത്വത്തിൽ മറ്റു സുഹൃത്തുക്കളും സഹായവുമായി രംഗത്തുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ മഞ്ജു, അച്ഛൻ വിജയൻ, അമ്മ തങ്കമണി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ