റിയാദ്: വേങ്ങരയിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ സോളാർ ബോംബിട്ട് വിജയം കൊയ്യാൻ ഇറങ്ങിയ പിണറായി സർക്കാരിനെതിരെയുള്ള താക്കീതാണ് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ.എൻ.എ.ഖാദറിന്റെ വിജയമെന്ന് ഒഐസിസി സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ സർക്കാരിന്റെ അക്രമ രാഷ്ട്രീയത്തിനും, പ്രതികാര രാഷ്ട്രീയത്തിനെതിരെയുള്ള വിജയമാണ് വേങ്ങരയിൽ കണ്ടത്. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി തിരഞ്ഞടുപ്പിൽ വിജയം കൊയ്യാമെന്നാണ് ഇടതുപക്ഷം കരുതിയത്. എന്നാൽ വേങ്ങരയിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ യുഡിഎഫിനൊപ്പം നിന്നു എന്നുള്ളതാണ് യാഥാർഥ്യം.

വേങ്ങരയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞതിനെ കുറിച്ച് അനേഷിക്കണം. പിണറായി സർക്കാർ തുടർന്ന വരുന്ന മൃദു ഹിന്ദുത്വ നിലപാടിനുള്ള പ്രത്യുപകാരമായി ബിജെപി നേതൃത്വം എൽഡിഎഫ് സ്ഥാനാർഥിക്കനുകൂലമായി വോട്ട് മറിച്ചു എന്ന കാര്യത്തിൽ സംശയമില്ലന്ന് സെൻട്രൽ കമ്മിറ്റി വിലയിരുത്തി. രാജ്യം ഒരു മാറ്റത്തിനുവേണ്ടി മുറവിളി കൂട്ടികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബിജെപി ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു വന്നിരുന്ന പഞ്ചാബിലെ ലോക്‌സഭാ മണ്ഡലമായ ഗുരുദാസ്പൂരിൽ കോൺഗ്രസിന്റെ ഉജ്വല വിജയം കേന്ദ്ര സർക്കാരിനെതിരെ ജനം തിരിഞ്ഞു തുടങ്ങി എന്നതിന് തെളിവാണെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ വിജയങ്ങളിൽ നിന്ന് ആവേശം ഉൾകൊണ്ട് കൂടുതൽ ഉർജ്ജസ്വലരായി പ്രവർത്തിക്കുവാൻ യുഡിഎഫിന്റെ പ്രവർത്തകർക്ക് സാധിക്കട്ടെ എന്ന് സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിൽ ആശംസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ