റിയാദ്: സൗദി അറേബ്യയിൽ പച്ചക്കറിക്ക് തീ വില. തക്കാളി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധങ്ങൾക്ക് വില വർധിച്ചതോടെ പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റി. ചില്ലറ വിപണിയിൽ മൂന്ന് റിയാലിന് ലഭിച്ചിരുന്ന തക്കാളിക്ക് നാലിരട്ടിയാണ് വർധനവുണ്ടായിട്ടുള്ളത്. പത്ത് മുതൽ പന്ത്രണ്ട് റിയാൽ വരെയാണ് പുതിയ വില. ഇന്ത്യക്കാർ ഉൾപ്പടെ എല്ലാ രാജ്യക്കാരുടെയും ഭക്ഷണത്തിലെ പ്രധാന ചേരുവയാണ് തക്കാളി. വെണ്ടക്കക്കും വില കുതിച്ചുയർന്നിട്ടുണ്ട്. സാധരണ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ വില വർധനവ് ഉണ്ടാവാറുണ്ടെങ്കിലും ഇത്ര വലിയ മാറ്റം ഉണ്ടാവാറില്ല.

തുർക്കിയിൽ നിന്നും ജോർദാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയിൽ ഗണ്യമായ കുറവുണ്ടായതും സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കൊടും ചൂട് കാരണം നിർമാണ മേഖലയിലുണ്ടായ കുറവുമാണ് വില കുതിക്കാൻ കാരണമെന്ന് വിലയിരുത്തുന്നു. വില കുതിച്ചതോടെ വിദേശികളുടെ അടുക്കളയിൽ നിന്ന് പുറത്തായി കൊണ്ടിരിക്കുകയാണ് തക്കാളിയുടെ സ്ഥാനം. ചില്ലറ വിൽപന നടത്തുന്നവർ തക്കാളിയുടെ വിൽപനയിൽ വലിയ കുറവുണ്ടായതായി പറയുന്നു. അതിനാൽ കൂടതൽ സൂക്ഷിക്കുന്നില്ലെന്നും ഈ മേഖലയിലിലെ വിദഗ്ധർ പറഞ്ഞു.

ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ പച്ചക്കറിയുടെ വില കിലോക്ക് 2 റിയാൽ (34 ഇന്ത്യൻ രൂപ) മുതൽ 3 റിയാൽ (51 ഇന്ത്യൻ രൂപ) വരെ കൂട്ടി നൽകിയാണ് സാധനങ്ങൾ വാങ്ങിക്കുന്നതെന്ന് ഹോട്ടൽ മേഖലയിലുള്ളവർ പറഞ്ഞു. അതേസമയം, ഈജിപ്തിൽ നിന്നും നേരിട്ട് തക്കാളി ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 4 റിയാലിൽ താഴെ തക്കാളി നൽകാൻ കഴിയുന്നുണ്ടെന്ന് ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റ് ചീഫ് എക്സികൂട്ടിവ് ഐഇ മലയാളത്തോട് പറഞ്ഞു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ