റിയാദ്: സൗദി അറേബ്യയിൽ ജനുവരി ഒന്ന് മുതൽ “വാറ്റ്” (മൂല്യ വർദ്ധിത നികുതി) പ്രാബല്യത്തിലായതോടെ ചില്ലറക്ക് ക്ഷാമം. ചെറുകിടക്കാരായ ബഖാല, ബൂഫിയ, പച്ചക്കറി കടകൾ തുടങ്ങിയവരാണ് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഒരു കുപ്പി കുടി വെള്ളത്തിന് ഒരു രൂപയാണ് നിരക്ക്. വാറ്റ് ഉൾപ്പടെ ഇത് ഒരു രൂപയും അഞ്ച് ഹലാലായുമാണ്. എന്നാൽ അഞ്ച് ഹലാല ഉപഭോക്താവിൽ നിന്ന് ഈടാക്കാൻ മാർഗ്ഗമില്ല. അതേസമയം വിൽപന കൂടുമ്പോൾ അവഗണിക്കുന്ന ചില്ലറകൾ വലിയ തുകയായി സ്ഥാപന ഉടമകൾക്ക് ഭാരമാകുകയും ചെയ്യുന്നു.

മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലുമെല്ലാം ഡിജിറ്റൽ ഇടപാടുകളാണ് കാര്യമായി നടക്കുന്നത്. ചെറിയ സാധനങ്ങൾക്ക് പോലും ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണിപ്പോൾ ചെയ്യുന്നത്. ചെറുകിട സ്ഥാപനങ്ങളിൽ പലയിടത്തും ബാങ്ക് കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യമില്ല. കോഫീഷോപ്പുകൾ, ഹോട്ടലുകൾ, തുടങ്ങി ചില സ്ഥാപനങ്ങൾ ഉൽപന്നങ്ങളുടെ വിലയിൽ നേരിയ വർദ്ധനവുണ്ടാക്കി വാറ്റ് ഉൾപ്പടെയുള്ള വില വരുമ്പോൾ ചില്ലറ വരാത്ത വിധം പരിഹാരം കണ്ടിട്ടുണ്ട്.

ജനുവരി ഒന്ന് മുതൽ വാറ്റ് നിലവിൽ വന്നെങ്കിലും ഇനിയും റജിസ്റ്റർ ചെയ്യാത്തവരും വാറ്റ് ഈടാക്കാത്തവരും ഏറെയുണ്ട്. സൗദി അറേബ്യയിൽ ആദ്യമായാണ് മൂല്യവർദ്ധിത നികുതി നിലവിൽ വരുന്നത്. അതുകൊണ്ട് തന്നെ പലരും ഇരുട്ടിൽ തപ്പുകയാണ്. അതേസമയം, സകാത് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ വാറ്റ് വാങ്ങുന്നതിനെ കുറിച്ചും സർക്കാരിലേക്ക് തിരിച്ചടക്കുന്നതിനെ കുറിച്ചും കൃത്യമായ മാർഗ്ഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പാണ് ശീതള പാനീയങ്ങൾക്കും പുകയില ഉൽപന്നങ്ങൾക്കും ഇരട്ടി തുക നികുതിയായി സെലക്ടീവ് ടാക്സ് നിലവിൽ വന്നത്. വാറ്റ് സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശനമായ പിഴയടക്കേണ്ടി വരുമെന്ന് നേരത്തെതന്നെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൃത്യമായ കണക്കുകൾ സൂക്ഷിച്ച് നികുതി വീഴ്ച കൂടാതെ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിവരാണ് ബഹു ഭൂരിപക്ഷം സ്ഥാപനങ്ങളും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook