റിയാദ്: സൗദി അറേബ്യയിൽ ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വാറ്റ് സ്വകാര്യ മെഡിക്കൽ സേവനങ്ങൾക്കും ബാധകം. അതേസമയം സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെയും അംഗീകാരമുള്ള മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും വാറ്റ് നൽകേണ്ടതില്ല. ആശുപത്രികളിലും പോളിക്ലിനിക്കുകളിലും ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് ചികിത്സ തേടുന്നവരും സേവനത്തിന് അഞ്ച് ശതമാനം അധിക നൽകേണ്ടി വരും. ഇൻഷുറൻസ് പോളിസി പ്രകാരം രോഗികൾ നൽകേണ്ട നിശ്ചിത ശതമാനത്തിന് പുറമെയാണ് വാറ്റ് നൽകേണ്ടി വരിക.

വിദേശത്ത് നിന്നും വാണിജ്യ ആവശ്യാർത്ഥമല്ലാതെ ഇറക്കുമതി ചെയ്യുന്ന ചില മെഡിക്കൽ മെഷിനറികളും വാറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓൺലൈൻ വഴി വാങ്ങുന്ന ഉൽപന്നങ്ങൾ 5 ശതമാനം വാറ്റ് നൽകണം. നിലവിൽ പതിനൊന്ന് മില്യൺ ഓൺലൈൻ ഉപഭോക്താക്കളാണ് സൗദി അറേബ്യയിലുള്ളത്. സൗദി അറേബ്യയിൽ ആദ്യമായാണ് മൂല്യവർദ്ധിത നികുതി നിലവിൽ വരുന്നത്. മാസങ്ങൾക്ക് മുമ്പാണ് ശീതള പാനീയങ്ങൾക്കും പുകയില ഉത്പന്നങ്ങൾക്കും ഇരട്ടി തുക നികുതിയായി സെലക്ടീവ് ടാക്സ് നിലവിൽ വന്നത്. സൗദി അറേബ്യയിലും യുഎഇയിലും ജീവിത ചെലവ് ജനുവരി ഒന്ന് മുതൽ അഞ്ച് ശതമാനം ഉയരും.

വാറ്റ് സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശനമായ പിഴയടക്കേണ്ടി വരുമെന്ന് നേരത്തെതന്നെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇനിയും വാറ്റ് റജിസ്ട്രേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാത്ത സ്ഥാപനങ്ങൾ ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സ് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. വാറ്റ് രേഖകൾ എങ്ങിനെ തയ്യാറാക്കണമെന്നതിനെ കുറിച്ച് സ്ഥാപനങ്ങൾ ഈ രംഗത്തെ വിദഗ്‌ധരെ പങ്കെടുപ്പിച്ച് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ജനുവരി ഒന്ന് മുതൽ കൃത്യമായ കണക്കുകൾ സൂക്ഷിച്ച് നികുതി വീഴ്ച കൂടാതെ നൽകാനുള്ള ഒരുക്കത്തിലാണ് സ്ഥാപനങ്ങൾ.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook