ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിനു വേണ്ടി മാറ്റിവച്ച ടിക്കറ്റുകള്‍ക്ക് പ്രവാസികളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂണ്‍ 10-നും ജൂലൈ ഒന്നിനും ഇടയില്‍ യുഎസും യുകെയും കാനഡയും യൂറോപ്പുമടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നും നടത്തുന്ന 300 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്കും ശനിയാഴ്ച്ച രാവിലെ എട്ട് മണിക്കും ഇടയില്‍ 22,000-ല്‍ അധികം ടിക്കറ്റുകള്‍ വിറ്റു. അതിനാല്‍, കൂടുതല്‍ സീറ്റുകളും ലക്ഷ്യ സ്ഥാനങ്ങളും കൂട്ടിച്ചേര്‍ക്കുമെന്ന് എയര്‍ഇന്ത്യ പറഞ്ഞു.
ആറു കോടി ഹിറ്റുകളാണ് എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് രണ്ട് മണിക്കൂറില്‍ ലഭിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു മണിക്കൂറില്‍ 1700 സീറ്റുകള്‍ വിറ്റു.
Read Also: ലോക്ക്ഡൗണില്‍ കൂടുതലും തൊഴില്‍ നഷ്ടമാകുന്നത് സ്ത്രീകള്‍ക്ക്
ഇത്രയുമധികം ആളുകള്‍ ഇരച്ചു കയറിയതിനെ തുടര്‍ന്ന് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടുവെന്ന് അനവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പരാതിപ്പെട്ടു. ഒരു മണിക്കൂറായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും വെബ്‌സൈറ്റ് തകര്‍ന്നുവെന്നും വിക്കി രവിയെന്ന യാത്രക്കാരന്‍ ട്വീറ്റ് ചെയ്തു.
ഓഗസ്റ്റിന് മുമ്പ് അന്താരാഷ്ട്ര യാത്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞിരുന്നു. മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുമേലുളള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നു.
Read Also: ആശങ്കയൊഴിയാത്ത ദിനങ്ങൾ; റാപിഡ് ടെസ്റ്റിനൊരുങ്ങി കേരളം: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍
എന്നാല്‍ എന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞില്ല.
മെയ് ഏഴ് മുതലാണ് എയര്‍ ഇന്ത്യയും ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും വന്ദേഭാരത് മിഷന് കീഴില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചത്. ജൂണ്‍ ഒന്നുവരെ 423 സര്‍വീസുകള്‍ നടത്തുകയും 58,867 പ്രവാസികളെ നാട്ടിലെത്തിക്കുകയും ചെയ്തു.