മനാമ: ബഹ്‌റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ ‘സഹൃദയ സംഗമം’ ഏപ്രില്‍ 27ന് വൈകിട്ട് 7.30ന് കേരളീയ സമാജം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കളരിപ്പയറ്റില്‍ നിരവധി പേരുടെ ഗുരുവും പദ്മശ്രീ ജേതാവുമായ മീനാക്ഷി അമ്മ, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് വി.കെ.രാജശേഖരന്‍ പിള്ള, കവി പവിത്രന്‍ തീക്കുനി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പെങ്കടുക്കും.

ഏഴാം വയസില്‍ കളരി അഭ്യാസം തുടങ്ങിയ മീനാക്ഷി അമ്മ 75-ാം വയസ്സിലും കളരിയില്‍ സജീവമാണ്. വടകരയിലെ അവരുടെ ‘കടത്തനാടന്‍ കളരി സംഘത്തി’നു കീഴില്‍ ഇപ്പോള്‍ 150ല്‍ പരം പേര്‍ കളരി അഭ്യസിക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ച കടത്തനാടിന്റെ ജനകീയ കവിയാണ് പവിത്രന്‍ തീക്കുനി. ചടങ്ങില്‍ ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ ചന്ദ്രന്‍ തിക്കോടി, നാടക പ്രവര്‍ത്തകന്‍ ദിനേശ് കുറ്റിയില്‍, ആദര്‍വ് ജിത്തു എന്നിവരെയും ആദരിക്കും.

ഗാന രചയിതാവ് വത്സന്‍ മാസ്റ്ററുടെ സിഡിപ്രകാശനവും ചടങ്ങില്‍ നടക്കും. ശ്രീജിത്ത് കൈവേലിയും സുനില്‍ കോട്ടേമ്പ്രവും നയിക്കുന്ന സംഗീതഹാസ്യ വിരുന്നും പ്രവാസി കലാകാരന്‍മാര്‍ അവതരിപ്പിക്കുന കലാപരിപാടികളും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.ആര്‍.ചന്ദ്രന്‍, സെക്രട്ടറി എം.ശശിധരന്‍, ആര്‍.പവിത്രന്‍, രാമത്ത് ഹരിദാസ് അഷ്‌റഫ്, രഞ്ജിത്ത്, രമേശന്‍ ഇല്ലത്ത്, വിജയന്‍, പ്രകാശ് കുമാര്‍, മുജീബ് എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ