ജിദ്ദ: മത പാഠശാലയിലേക്ക് നടന്നു പോവുകയായിരുന്ന വടകര സ്വദേശിയായ പത്തര വയസ്സുകാരനായ ബാലനെ പൊലീസ് വേഷം ധരിച്ചെത്തിയയാൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു. ജിദ്ദയിൽ വിദേശി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന അസീസിയയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.

ഉമ്മയുടെ സഹായത്തോടെ റോഡ് മുറിച്ച് കടന്ന് തൊട്ടടുത്തുള്ള മത പഠന കേന്ദ്രത്തിലേക്ക് നടന്ന് പോകുമ്പോഴാണ് പോലീസ് വേഷം ധരിച്ചയാൾ കുട്ടിയുടെ അടുത്തെത്തി താമസ രേഖ കാണിക്കാൻ ആവശ്യപ്പെട്ടത്. താമസ രേഖ തന്റെ കൈവശം ഇല്ലെന്നും, പിതാവിന്റെ കയ്യിലാണെന്നും പറഞ്ഞപ്പോൾ, താമസരേഖയില്ലെങ്കിൽ തന്റെ വാഹനത്തിൽ കേറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുട്ടി കരയാൻ തുടങ്ങിയപ്പോൾ വായ് അടച്ച് പിടിച്ച് ബലമായി വാഹനത്തിൽ കയറ്റാൻ കൊണ്ട് പോകുകയായിരുന്നു. കുട്ടിയുടെ ശബ്ദം കേട്ട് സമീപവാസികൾ ഓടിക്കൂടിയപ്പോഴേക്കും ആക്രമി കുട്ടിയെ റോഡിലുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ആഘാതത്തിൽ മാനസികമായി തകർന്ന കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കൗൺസിലിങ്ങിന് വിധേയനാക്കി. സ്ഥിരമായി പോകുന്ന കുട്ടികളെ ഒളിഞ്ഞു നിരീക്ഷിച്ച് ഒറ്റക്കാവുമ്പോൾ പിന്തുടർന്ന് തട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളും, കുട്ടികളെ സ്‌കൂൾ വാൻ കയറ്റി വിടാൻ പുറത്തിറങ്ങുന്ന അമ്മമാരെ അക്രമികൾ പിന്തുടർന്ന സംഭവങ്ങളും ജിദ്ദയിൽ നിന്നും ഇതിന് മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വാർത്ത: നാസർ കാരക്കുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ