ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ ജനപ്രിയമാണു ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, ഭിം ആപ്പ് പോലുള്ള യു പി ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനങ്ങള്‍. യു പി ഐ സേവനം വ്യാപകമായതോടെ ആളുകള്‍ കൈയില്‍ പണം കരുതുന്നതും ബാങ്കുകളെ ആശ്രയിക്കുന്നതും നന്നേ കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ കച്ചവടക്കാര്‍ പോലും ചെറിയ വില്‍പ്പനയ്ക്കും ഫോണ്‍ വഴി തുക സ്വീകരിക്കുന്നു.
എന്നാല്‍, യു പി എ സംവിധാനത്തിന്റെ ഗുണം അനുഭവിക്കാന്‍ വിദേശ നമ്പറുകളുള്ള പ്രവാസികള്‍ക്കു കഴിഞ്ഞിരുന്നില്ല. ഇതിനൊരു പരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍ പി സി ഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ).
അന്താരാഷ്ട്ര മൊബൈല്‍ നമ്പറുള്ള എന്‍ ആര്‍ ഇ/എന്‍ ആര്‍ ഒ അക്കൗണ്ട് ഉടമകൾക്ക് ഉടന്‍ യു പി ഐ പേയ്മെന്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഇതിനായി പ്രവാസികള്‍ക്കു വിദേശ മൊബൈല്‍ ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ അവര്‍ കഴിയുന്ന രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്യാം.
സേവനം എപ്പോള്‍ ലഭ്യമാകും?
നിലവില്‍ പ്രവാസികള്‍ക്കു പേയ്മെന്റുകള്‍ക്കായി യു പി ഐ ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. ഇതിനു, സിം-ലിങ്ക്ഡ് പേയ്മെന്റ് പ്രക്രിയയായതിനാല്‍ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ സജീവമായി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഇതിനാണു മാറ്റം വരാന്‍ പോകുന്നത്.
എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ട് ഉടമകള്‍ക്ക് അന്താരാഷ്ട്ര നമ്പറുകളില്‍ യു പി ഐ സേവനം ഏപ്രില്‍ 30-നകം ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കു തത്സമയ ഇടപാടുകള്‍ക്കൊപ്പം തടസമില്ലാത്ത പേയ്മെന്റ് സംവിധാനവും അനുഭവിക്കാന്‍ കഴിയും.
പ്രവര്‍ത്തനം എങ്ങനെ? നിബന്ധനകള്‍ എന്തൊക്കെ?
യു പി ഐ ഇക്കോസിസ്റ്റത്തിലെ അംഗ ബാങ്കുകള്‍ക്കു ഇനിപ്പറയുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി അന്തര്‍ദേശീയ മൊബൈല്‍ നമ്പറുകളുള്ള എന്‍ ആര്‍ ഇ/എന്‍ ആര്‍ ഒ അക്കൗണ്ടുകള്‍ പോലെയുള്ള നോണ്‍-റെസിഡന്റ് അക്കൗണ്ടുകളില്‍ യു പി ഐ സേവനങ്ങള്‍ നല്‍കാന്‍ കഴിയും.
ഉപയോക്താവ് ആദ്യം താന്‍ നിലവില്‍ കഴിയുന്ന രാജ്യത്തെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്‍ ആര്‍ ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി) അല്ലെങ്കില്‍ എന്‍ ആര്‍ ഇ (നോണ്‍ റെസിഡന്റ് എക്‌സ്റ്റേണല്‍) അക്കൗണ്ടുമായി ബന്ധിപ്പിക്കണം.
ഇത്തരം അക്കൗണ്ടുകള്‍ നിലവിലുള്ള ഫെമ ചട്ടങ്ങള്‍ പ്രകാരമാണെന്നും ആര്‍ ബി ഐയുമായി ബന്ധപ്പെട്ട റെഗുലേറ്ററി വകുപ്പുകള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അംഗ ബാങ്കുകള്‍ ഉറപ്പാക്കേണ്ടതുണ്ട്. അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന അംഗ ബാങ്കില്‍ ഉപഭോക്താവ് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരമുള്ള കെ വൈ സി സമര്‍പ്പിച്ചുണ്ടെന്ന് ഉറപ്പാക്കണം.
കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിനു ധനസഹായം നല്‍കുന്നതിനുമെതിതായ പരിശോധനകള്‍ ബാങ്കുകള്‍ നടത്തണം. റഗുലേറ്ററി മാര്‍ഗനിര്‍ദേശങ്ങള്‍ക്കു കീഴില്‍ ബാധകമായ പരിധി നിയമങ്ങള്‍ക്കനുസരിച്ചുള്ള കംപ്ലയിന്‍സ് വാലിഡേഷന്‍/അക്കൗണ്ട് ലെവല്‍ വാലിഡേഷനുകള്‍ പണമടയ്ക്കുന്നവരുടെ/ഗുണഭോക്തൃ ബാങ്കുകളുടെ ഉത്തരവാദിത്തമായിരിക്കും.
നിലവിലുള്ള യുപിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള എല്ലാ ഓണ്‍ബോര്‍ഡിങ്/ഇടപാട് തല പരിശോധനകളും ഇത്തരം അക്കൗണ്ടുകള്‍ക്ക് ബാധകമാകും.
ഏതൊക്കെ രാജ്യങ്ങളില്‍ സേവനം ലഭ്യമാകും?
തുടക്കത്തില്‍, താഴെപ്പറയുന്ന 10 രാജ്യങ്ങളിലെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളുള്ള എന്‍ ആര്‍ ഇ/എന്‍ ആര്‍ ഒ അക്കൗണ്ട് ഉടമകള്‍ക്കാണു യു പി ഐ സൗകര്യം ലഭ്യമാകുക. ആ രാജ്യങ്ങള്‍ ഇതാ:
സിംഗപ്പൂര്‍: +65
ഓസ്‌ട്രേലിയ: +61
കാനഡ: +1
ഹോങ്കോങ്: +852
ഒമാന്‍: +968
ഖത്തര്‍: +974
യു എസ് എ: +1
സൗദി അറേബ്യ: +966
യു എ ഇ: +971
യു കെ: +44
ഭാവിയില്‍ മറ്റു രാജ്യങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിച്ചേക്കാം.